കോട്ടക്കൽ: മുസ്ലിം ലീഗിലെ വിഭാഗീയതക്ക് പിന്നാലെ കോട്ടക്കൽ നഗരസഭ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് ഒരാഴ്ചയോളം ഭരിച്ച സി.പി.എമ്മിന് വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും. തെരഞ്ഞെടുപ്പില്‍ ലീഗിന് വീണ്ടും തിരിച്ചടി നൽകി അധ്യക്ഷ സ്ഥാനത്തേക്ക് 19ാം വാര്‍ഡിലെ ഇടത് കൗണ്‍സിലര്‍ വി. സരള ടീച്ചർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ നിലവിലെ വികസനസമിതിയിലെ അധ്യക്ഷ ഇപ്പോഴത്തെ ചെയര്പേഴ്സൻ ഡോ. ഹനീഷയായിരുന്നു.
മറ്റൊരംഗം തുടര്‍ച്ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് അയോഗ്യത ലഭിച്ച ലീഗിലെ തന്നെ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഷഹ് ല ഷജാസ് ആയിരുന്നു. ബാക്കി മൂന്നുപേരില്‍ വനിത പ്രാതിനിധ്യം സരള ടീച്ചര്‍ക്ക് വന്നത് സി.പി.എം നേട്ടമാക്കി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നില്ല.
സരള തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന ആഹ്ലാദ പ്രകടനത്തിന് നേതാക്കളായ എന്‍. പുഷ്പരാജന്‍, ടി. കബീര്‍, ടി.പി. ഷമീം, ടി.പി. സുബൈര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി. ബാക്കിയുള്ള നാല് സ്ഥിരംസമിതി സ്ഥാനങ്ങളിലേക്ക് കഴിഞ്ഞതവണ സ്ഥാനത്തിരുന്ന ലീഗിലെ കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പാറൊളി റംല (വിദ്യാഭാസം), ആലമ്പാട്ടില്‍ റസാഖ് (ക്ഷേമകാര്യം), പി.ടി. അബ്ദുൽനാസര്‍ (പൊതുമരാമത്ത്), പുതുക്കിടി മറിയാമ്മു എന്നിവരാണ് അധ്യക്ഷന്മാര്. സാമ്പത്തികം വൈസ് ചെയര്മാന് ചെരട മുഹമ്മദലി വഹിക്കും. െഡപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്തായിരുന്നു വരണാധികാരി.
അതേസമയം ചെയര്‍പേഴ്സനായിരുന്ന ബുഷ്റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ തിരിച്ചടിക്ക് പിന്നാലെ മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടിരുന്നു. പിന്നാലെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റിക്കാണ് കോട്ടക്കലിന്റെ ചുമതല. എന്നാൽ കൈവശമുണ്ടായിരുന്ന സ്ഥാനം നിലനിര്‍ത്താന്‍ കഴിയാഞ്ഞത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.
ഒഴിവുള്ള സ്ഥാനത്തേക്ക് നുസൈബ അൻവർ, സുഫൈറ എന്നിവരെ ഉൾപ്പെടുത്തി സ്ഥാനം നിലനിർത്താനായിരുന്നു ലീഗിന്റെ നീക്കം. എന്നാൽ സമയം വൈകിയത് തിരിച്ചടിയായി. ബുഷ്റ രാജിവെച്ച വാർഡ് പതിനാലായ ഈസ്റ്റ് വില്ലൂരും അയോഗ്യത നേരിട്ട രണ്ടാം വാർഡ് ചുണ്ടയിലും ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ലീഗിന്റെ സിറ്റിങ് സീറ്റുകളാണിത്. നിലവിൽ 32 സീറ്റുള്ള നഗരസഭയുടെ കക്ഷി നില ലീഗ് 19, സി.പി.എം ഒമ്പത്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.