കോട്ടക്കൽ: ഇടതുതരംഗം ആഞ്ഞുവീശിയപ്പോഴും ഉലയാതെ കാത്ത പച്ചകോട്ടയായാണ് ആയുർവേദത്തിന്റെ മഹിമയിൽ നിൽക്കുന്ന കോട്ടക്കൽ അറിയപ്പെടുന്നത്. പഴയ കുറ്റിപ്പുറം, മലപ്പുറം മണ്ഡലങ്ങളെ വിഭജിച്ച് 2011ലാണ് കോട്ടക്കൽ മണ്ഡലം രൂപവത്കരിക്കുന്നത്. വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളും പൊന്മള, മാറാക്കര, എടയൂർ, ഇരുമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.
പ്രഥമ എം.എൽ.എയായിരുന്ന എം.പി. അബ്ദുസമദ് സമദാനിയാണ് വർഷങ്ങൾക്കിപ്പുറം യു.ഡി എഫ് സ്ഥാനാർഥിയായി പൊന്നാനി മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. 2011ൽ എൽ.ഡി.എഫിലെ ഘടകകക്ഷിയായിരുന്ന എൻ.സി.പി നേതാവ് സി.പി.കെ. ഗുരുക്കളായിരുന്നു ഇടതുസ്ഥാനാർഥി. കോട്ടയിൽ വിള്ളൽ ഉണ്ടാക്കാതെ 35,902 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. 69,717 വോട്ട് നേടിയാണ് സമദാനി എം.എൽ.എ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ഗുരുക്കൾ 33,815 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥിക്ക് 7782 വോട്ടും ലഭിച്ചു.
2016ൽ പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങളായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. സീറ്റ് പിടിച്ചെടുക്കാൻ മത്സരരംഗത്ത് എത്തിയത് എൻ.സി.പിയുടെ എൻ.എ. മുഹമ്മദ് കുട്ടിയായിരുന്നു. 71,768 വോട്ട് തങ്ങൾ നേടിയപ്പോൾ ഇടതു സ്ഥാനാർഥിയായ മുഹമ്മദ് കുട്ടി 56,736ഉം 13,205 വോട്ട് ബി.ജെപിയുടെ വി. ഉണ്ണികൃഷ്ണനും ലഭിച്ചു. ഭൂരിപക്ഷം 15,042. കടുത്തമത്സരം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ലീഡ് കുറക്കാൻ എൽ.ഡി.എഫിനായി എന്നതായിരുന്നു ശ്രദ്ധേയം.
2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എടയൂർ പഞ്ചായത്ത് എൽ.ഡി.എഫിന് ലഭിച്ചെങ്കിലും മാറാക്കരയൊഴികെ അഞ്ച് തദ്ദേശങ്ങളും യു.ഡി.ഫിനൊപ്പമായിരുന്നു. മാറാക്കരയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനൊപ്പമുണ്ടാക്കിയ കൂട്ടുകെട്ടിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും ഭരണം പൂർത്തിയാക്കാൻ മുന്നണിക്ക് കഴിഞ്ഞില്ല. പകുതിവഴിക്ക് വേർപിരിഞ്ഞതോടെ യു.ഡി.എഫ് വീണ്ടും ഐക്യത്തിലെത്തി ഭരണം തിരിച്ചുപിടിച്ചു.
2021ൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും പച്ചക്കോട്ട തന്നെയെന്ന് തെളിയിക്കുകയായിരുന്നു കോട്ടക്കൽ. രണ്ടാമൂഴത്തിലും ആബിദ് ഹുസൈൻ തങ്ങളും മുഹമ്മദ് കുട്ടിയും തമ്മിലായിരുന്നു നേർക്ക് നേർ മത്സരം. ലീഗിന്റെ മറ്റെല്ലാ മണ്ഡലങ്ങളിലും വിള്ളൽ വീണപ്പോൾ മികച്ച ഭൂരിപക്ഷത്തോടെ തങ്ങൾ നിയമസഭയിലെത്തി. 16,588 ആയിരുന്നു ഭൂരിപക്ഷം. നഷ്ടപ്പെട്ട പഞ്ചായത്തുകളടക്കം തിരിച്ചുപിടിച്ചതോടെ ഏഴ് തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിന്റെ കൈയ്യിൽ ഭദ്രമായതും നേട്ടമായി. ലോക്സഭയിലേക്ക് പൊന്നാനിയിൽനിന്നും രണ്ടു തവണ ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചപ്പോഴും കോട്ടക്കൽ മണ്ഡലത്തിലെ ലീഡാണ് തുണയായത്.
മന്ത്രി വി. അബ്ദു റഹ്മാൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച 2014ൽ പൊന്നാനിയിലെ ഭൂരിപക്ഷം കുറക്കാൻ ഇടതിന് കഴിഞ്ഞു. എല്ലാ മണ്ഡലങ്ങളിലും അനിഷേധ്യമായ ലീഡ് കൂട്ടാൻ ഇടതിന് കഴിഞ്ഞങ്കിലും കോട്ടക്കൽ ഉറച്ചുനിന്നതോടെ 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.ടി നേടിയത്. എന്നാൽ 2019ൽ എതിരാളികളെപ്പോലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ഇ.ടി പൊന്നാനിയിൽ നേടിയെടുത്തത്ത്.
നിലമ്പൂർ മണ്ഡലം എം.എൽ.എ ആയിരുന്ന പി.വി. അൻവറായിരുന്നു ഇടതു സ്ഥാനാർഥി. പക്ഷെ 25,000 ഭൂരിപക്ഷത്തിൽ കഷ്ടിച്ച് കടന്നു കയറിയ ഇ.ടിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 1,93,200ന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ഒറ്റക്കെട്ടായുള്ള മണ്ഡലത്തിലെ യു.ഡി.എഫ് സംവിധാനം പാർട്ടിക്ക് ആത്മവിശ്വാസമേകുന്നു. മണ്ഡലം ആസ്ഥാനമായ കോട്ടക്കലിലെ മുസ്ലിം ലീഗിലെ വിഭാഗീയതകൾ മാത്രമാണ് നിലവിലെ പ്രശ്നം. എന്നാൽ രണ്ടു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായത് നേട്ടമാണ്.
ഇ.ടി. മുഹമ്മദ് ബഷീർ - 5,21,824 (യു.ഡി.എഫ്)
പി.വി. അൻവർ - 3,28,551 (എൽ.ഡി.എഫ്)
വി.ടി. രമ - 1,10,603 (ബി.ജെ.പി)
ഭൂരിപക്ഷം: 1,93,273
പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ -81,700
എൻ.എ. മുഹമ്മദ് കുട്ടി-65,112
പി.പി. ഗണേശൻ- 10,796
ഭൂരിപക്ഷം- 16,588
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.