കോട്ടക്കൽ: കോവിഡ് വാക്സിൻ എടുക്കാനെത്തിയതിന് പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത അന്തർസംസ്ഥാന തൊഴിലാളിക്ക് മർദനം. വില കൂടിയ സ്മാർട്ട് ഫോൺ ആർ.ആർ.ടി അംഗം എറിഞ്ഞുടച്ചു. സംഭവത്തിൽ അക്രമത്തിനിരയായ യുവാവ് പൊലീസിൽ പരാതി നൽകി. കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിൽ ബുധനാഴ്ചയാണ് സംഭവം. ആദ്യ ഡോസ് വാക്സിൻ എടുക്കാനെത്തിയ കൊൽക്കത്ത സ്വദേശി എസ്.കെ. മാഫിജുലിനാണ് മർദനമേറ്റത്.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയായിരുന്നു യുവാവ് കേന്ദ്രത്തിലെത്തിയത്. ഇവിടെ ഉണ്ടായിരുന്ന ആർ.ആർ.ടി അംഗത്തിനോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ, ചായയും പലഹാരവും അല്ലെങ്കിൽ പണവും വേണമെന്ന് ആർ.ആർ.ടി അംഗം ആവശ്യപ്പെട്ടതായി യുവാവ് പറയുന്നു.
ഇത് മാഫിജുൽ ചോദ്യം ചെയ്തതോടെ തർക്കമായി. പിന്നീട് വീട്ടിലേക്ക് പോയ യുവാവ് രക്ഷിതാക്കൾക്കൊപ്പം തിരിച്ചെത്തി. സർക്കാർ സൗജന്യമായി നൽകേണ്ട വാക്സിന് പാരിതോഷികങ്ങൾ ചോദിച്ചത് കുടുംബവും ചോദ്യം ചെയ്തു. ഇതിനിടയിൽ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്നാരോപിച്ച് ആർ.ആർ.ടി അംഗം ഫോൺ പിടിച്ചുവാങ്ങി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫോൺ പരിശോധിച്ച് ദൃശ്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഫോൺ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ മുന്നിൽവെച്ച് മർദിച്ചെന്നും പരാതിയിൽ പറയുന്നു. വർഷങ്ങളായി കോട്ടക്കലിൽ പച്ചമരുന്ന് തയാറാക്കുന്ന മാഫിജുൽ തനിക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തിൽനിന്ന് കഷ്ടപ്പെട്ട് വാങ്ങിയ സ്മാർട്ട് ഫോണാണ് ഉപയോഗശൂന്യമാക്കിയത്. സംഭവത്തിൽ കോട്ടക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ. വാക്സിൻ ക്യാമ്പിെൻറ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ആരോഗ്യ പ്രവർത്തകയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.