കോട്ടക്കൽ: ഉഷ്ണതരംഗം ആഞ്ഞുവീശുന്ന കേരളത്തിൽ ട്രാൻസ്ഫോർമറുകളുടെ ശേഷി കൂട്ടാനോ പുതിയ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാനോ ഉള്ള നടപടികളെടുക്കാതെ കെ.എസ്.ഇ.ബി മാനേജ്മെന്റ് കൈയൊഴിയുകയാണെന്ന് ആരോപണം. ഇതോടെ സഹികെട്ട് പൊതുജനം കെ.എസ്.ഇ.ബി ഓഫിസുകളിൽ കയറി ജീവനക്കാരെ കൈയേറ്റം ചെയ്യുകയും വിധം വൈദ്യുതി ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയുമാണ്. അമിത ലോഡ് കാരണം കേടാകുമ്പോൾ പകരം വെക്കാനോ മാറ്റിവെക്കാനോ ട്രാൻസ്ഫോമറുകൾ ഇല്ലാതെ സെക്ഷൻ ഓഫിസിലെ ജീവനക്കാരും എ.ഇമാരും പരക്കംപായുകയാണ്. ട്രാൻസ്ഫോർമറുകൾ കിട്ടാത്തതിനാൽ തൊട്ടടുത്ത ട്രാൻസ്ഫോമറിലേക്ക് കേടായ ട്രാൻസ്ഫോമറിലെ ലോഡുകൂടി കണക്ട് ചെയ്യുമ്പോൾ അമിത ലോഡ് മൂലം ഇതുകൂടി കേടാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
രാത്രിയിലെ അമിതലോഡ് താങ്ങാതെ 11 കെ.വി ഫീഡറുകളും സബ്സ്റ്റേഷനുകളും ട്രിപ്പ് ആകുകയാണ്. ജില്ലയിലെ സബ് സ്റ്റേഷനുകളിലെ എല്ലാ 11 കെ.വി ഫീഡറുകളിലും രാത്രി 10ന് ശേഷം അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണ്. വൈദ്യുതി തടസ്സത്തിന്റെ കാരണമറിയാതെയാണ് ജനങ്ങൾ രാത്രി വൈദ്യുതി ഓഫിസുകൾ കൈയേറുന്നത്. ഉഷ്ണതരംഗത്തിൽ പൊരി വെയിലത്ത് പണിയെടുക്കുന്ന ഫീൽഡ് ജീവനക്കാരോട് പീക്ക് അവറിൽ വൈദ്യുതി ഉപയോഗിക്കരുതെന്ന് ഗുണഭോക്താക്കളെ ഉപദേശിക്കാൻ പറഞ്ഞ് കൈകഴുകുന്ന സമീപനമണ് മാനേജ്മെന്റ് ചെയ്യുന്നത്.
രാത്രി ഡ്യൂട്ടിയിൽ പൊതുജനങ്ങളുടെ കൈയേറ്റത്തിനും ഭീഷണിക്കും ഇരയാവുന്ന തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടി ഒരുനടപടിയും സ്വീകരിക്കുന്നില്ല. ഉൽപാദന, വിതരണ, പ്രസരണ മേഖലകളിൽ മുൻകൂട്ടി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനു പകരം പ്രതിസന്ധി ഘട്ടത്തിൽ പ്രസരണ, വിതരണ മേഖലകളിലെ ഉന്നതതല ഉദ്യോഗസ്ഥർ പരസ്പരം കുറ്റപ്പെടുത്തി തടി തപ്പുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു വലിയ വർക്കുകൾ ചെയ്യേണ്ടതില്ല എന്നാണ് മറ്റൊരു നിർദേശം. ഇതിലെല്ലാം പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കെ.എസ്.ഇ.ബി എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.