കോട്ടക്കല്‍: ആയുര്‍വേദ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 22 വര്‍ഷം മുമ്പ് ആരംഭിച്ച പുത്തൂര്‍-ചെനക്കല്‍ ബൈപാസ് പദ്ധതി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം നാലിന് കോട്ടക്കല്‍-കുറ്റിപ്പുറം തര്ബിയത്തുദ്ധീന് മദ്റസയില്‍ ജനകീയ കണ്വെന്ഷന് സംഘടിപ്പിക്കുമെന്ന് ഗുണഭോക്താക്കളുടെ കൂട്ടായ്മ അറിയിച്ചു.
പാതക്കായി പ്രദേശത്തെ 67 കുടുംബങ്ങളുടെ 5.75 ഏക്കര്‍ ഭൂമി വിവിധ സര്‍ക്കാര്‍ ഉത്തരവുകളിലൂടെ മരവിപ്പിച്ചിരിക്കുകയാണ്. പാതയുടെ മൊത്തം ദൂരം 4.5 കിലോമീറ്ററാണ്. ഇതില്‍ മൂന്ന് കിലോമീറ്റര്‍ കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിന് മുന്‍വശം വരെ പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായി.
ഒന്നര കിലോമീറ്റര്‍ മാത്രമാണ് ഇനി ബാക്കിയുളളത്. ബൈപാസിന്റെ അടിസ്ഥാനലക്ഷ്യം ദേശീയപാതയുമായി ജില്ല ആസ്ഥാനത്തേക്കുളള റോഡ് ബന്ധപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആറുവരി പാതയുടെ പണി പുരോഗമിക്കുമ്പോഴും പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്തത് തിരിച്ചടിയാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയ 32 കോടിയില്‍ അര കോടി രൂപ പരിസ്ഥിതി-സാമൂഹികാഘാത പഠനത്തിനും മറ്റുമായി ചെലവഴിച്ചു.
തുടര്‍ന്ന് 1.5 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനും ആവശ്യമായ തുക ലഭിക്കാത്തതിനാണ് തിരിച്ചടിയായത്. കുടുംബങ്ങളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി സ്വന്തം ആസ്തികള്‍ പണയപ്പെടുത്തി കടം വാങ്ങാനും ക്രയവിക്രയം ചെയ്യാനും പറ്റാത്ത സാഹചര്യമാണ്.
വിഷയങ്ങള്‍ ജനപ്രതിനിധികളുടെയും സര്‍ക്കാറിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരികയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്പേഴ്സൻ ബുഷ്റ ഷബീറിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്മാന് കരുവക്കോട്ടില്‍ സൈതലവി, കണ്‍വീനര്‍ വി.പി. അബ്ദുറസാഖ്, പി.ടി. ജമാലുദ്ദീന്‍, വി.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.