കോട്ടക്കൽ: ഭൂ-സംരക്ഷണ നിയമപ്രകാരം കോട്ടക്കൽ നഗരസഭക്ക് കീഴിലെ പുത്തൂർ-ചിനക്കൽ ബൈപാസ് റോഡിലെ കാവതിക്കളത്തെ അനധികൃത തെരുവ് കച്ചവട സ്ഥാപനങ്ങൾ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. സബ് കലക്ടർ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടികൾ.
റോഡ് കൈയേറി കച്ചവടം നടത്തുന്നതായും വഴിയാത്രക്കാർക്ക് യാത്ര തടസമുള്ളതായും മാലിന്യം തള്ളുന്നതായി പരിസരവാസികളും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കച്ചവടക്കാർക്കും ഒഴിഞ്ഞ് പോകുന്നതിന് നഗരസഭ വിവിധ ഘട്ടങ്ങളിലായി കത്ത് നൽകിയിരുന്നു. 45 ലധികം സ്ഥാപനങ്ങളിൽ ചിലത് ഒഴിവായെങ്കിലും സമീപത്തെ പാടത്തേക്കും റോഡരികിലേക്കും മാറ്റി കെട്ടിപ്പൊക്കി പ്രവർത്തിച്ചിരുന്ന താത്ക്കാലിക ഷെഡുകളാണ് പൊളിച്ചത്. ബൈപ്പാസിൽ കാവതിക്കളം മുതൽ കുറ്റിപ്പുറത്ത് കാവ് ക്ഷേത്രം വരെയുള്ള ഭാഗത്താണ് ഇത്തരം കച്ചവസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.ടി അബ്ദുവിന്റെ ചുമതലയിലുള്ള സ്ഥാപനവും പൊളിച്ചവയിൽ ഉൾപ്പെടും. വ്യാഴാഴ്ച പുലർച്ചെ ആറോടെ ആരംഭിച്ച നടപടികൾ രാവിലെ പത്തോടെ അവസാനിച്ചു.
തഹസിൽദാർ സി.കെ. ആഷിഖ്, ഡപ്യൂട്ടി തഹസിൽദാർ സുരേഷ്ബാബു, നഗരസഭ സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാർ, സൂപ്രണ്ട് ഫെമി, ക്ലീൻസിറ്റി മാനേജർ സക്കീർ ഹുസൈൻ, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാബു എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ സാധ്യതയെ തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി സിനോജ്, കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ബൈപൊസ് റോഡിലെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഭാഗത്തുള്ള അനധികൃത തെരുവ് കച്ചവടം നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇതോടെ ഇരു തദ്ദേശങ്ങളിലേയും കീഴിലുള്ള ബൈപ്പാസിലെ കച്ചവടങ്ങൾ പൂർണമായും ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.