കോട്ടക്കൽ: കതിരിട്ട സ്വപ്നങ്ങൾക്ക് തിരിച്ചടി. മൂപ്പെത്തിയ ഏക്കർകണക്കിന് നെൽകൃഷി പാഴായി. എടരിക്കോട് പഞ്ചായത്തിന് കീഴിൽ പുതുപ്പറമ്പ് ദേശം പാടശേഖര സമിതിയുടെ കീഴിൽ കൃഷി ആരംഭിച്ച 48 കർഷകർ ഇതോടെ കണ്ണീർക്കയത്തിലായി. കല്ലുവെട്ടി പാടശേഖരവും ഉൾപ്പെടുന്ന കൃഷിഭൂമിയിലാണ് പതിവുപോലെ ഇത്തവണയും കൃഷിയിറക്കിയത്. മുന്തിയ ഇനം വിത്തായ ഉമയാണ് പാകിയത്. ആറുമാസത്തിനിപ്പുറം നല്ല നിലയിൽ വിളഞ്ഞു. ഏറ്റവും പാകമായ സമയത്താണ് കർഷകർക്ക് ആശങ്കയായി നെൽക്കതിരുകളിൽ വാട്ടം കാണുന്നത്. ഇതോടെ പഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ആദ്യ പരിശോധനയിൽ കതിരുകളിൽ കണ്ടുവരുന്ന ‘കൊലവാട്ടമാണ്’ഇതെന്നാണ് കൃഷി വകുപ്പ് കണ്ടെത്തിയത്. കാരണമായി പറയുന്നത് ജലലഭ്യതയില്ലാത്തതാണെന്നാണ്. എന്നാൽ, ഇത്തവണ കൃഷിക്ക് ആവശ്യത്തിലധികം വെള്ളം ലഭിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. എഴുപത് ഏക്കറിൽ വിളഞ്ഞ നെല്ല് സപ്ലൈകോ ഏറ്റെടുക്കാത്തതും തിരിച്ചടിയായി. ഒരു മാസം മുമ്പ് വിളവെടുത്ത് ചാക്കിൽ കെട്ടിവെച്ച നെല്ലും ഉപയോഗശൂന്യമാകുന്ന സ്ഥിതിയാണ്. ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റും ആരംഭിച്ച കൃഷിയിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
ഇതിന് പിന്നാലെ വയ്ക്കോൽ ഏറ്റെടുക്കാൻ ഫാമുകൾ തയാറാകാത്തതും ഇരുട്ടടിയായി. നേരത്തേ 150 രൂപക്ക് നൽകിയിരുന്ന സ്ഥാനത്ത് അമ്പത് രൂപയാണ് വാഗ്ദാനം. എന്നാൽ, ട്രാക്ടർ വഴി വയ്ക്കോൽ കെട്ടാക്കി കൊടുക്കാൻ തന്നെ 35 രൂപയോളമാണ് ചെലവ്. ഇതോടെ നെല്ലും വയ്ക്കോലും വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. മുതൽ മുടക്കും ലഭിക്കാതായതോടെ ഇൻഷുറൻസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതുപ്പറമ്പ് ദേശം പാടശേഖര സമിതി ഭാരവാഹികളായ കോഴിക്കോടൻ ഷുക്കൂർ, ഇ.കെ. മൂസ, കെ.കെ. കാസിം, നാസർ പറമ്പൻ, ടി. ഹമീദ് എന്നിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.