കോട്ടക്കൽ: മനസ്സമാധാനത്തോടെ അന്തിയുറങ്ങാൻ ഒരു കുഞ്ഞുവീട് വേണം. അത് മാത്രമാണ് നാൽപത്തിയഞ്ച് വർഷമായി വാടകവീട്ടിലെ ഒറ്റമുറിയിൽ കഴിയുന്ന ഈ സഹോദരിമാരുടെ ആഗ്രഹം. എടരിക്കോട് സ്വദേശികളായ കരിങ്ങാത്തുപ്പറമ്പിൽ സത്യഭാമയും (74), അമ്മിണിയുമാണ് (59) വീടെന്ന സ്വപ്നം നിറവേറാൻ കാത്തിരിക്കുന്നത്.
നവകേരള സദസ്സിൽ പരാതി നൽകിയതോടെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചിട്ടുണ്ടെങ്കിലും വീട് വെക്കാൻ സ്വന്തമായി ഭൂമിയില്ല. വേങ്ങരയിലെ മരുന്നുഷോപ്പിൽ താത്ക്കാലിക ജീവനക്കാരിയാണ് അമ്മിണി. തുച്ഛ ശമ്പളവും ഇരുവർക്കും കിട്ടുന്ന പെൻഷനും കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഡിസ്ക് സംബന്ധമായ അസുഖത്തെതുടർന്ന് നടക്കാൻ പ്രയാസപ്പെടുന്ന സത്യഭാമക്ക് ആകെയുള്ള അത്താണി അമ്മിണിയാണ്.
ഇവർക്കാണെങ്കിൽ കേൾവിക്കുറവുമുണ്ട്. ശ്രവണസഹായി വെക്കണമെങ്കിൽ 35,000 രൂപയോളം വേണം. 35 വർഷമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് സ്കൂൾ റോഡിനോട് ചേർന്ന കെ.കെ ക്വാർട്ടേഴ്സിലാണ് താമസം. രണ്ടായിരം രൂപയാണ് മാസവാടക. ഇതോടൊപ്പം ചികിത്സക്കുള്ള പണവും കണ്ടെത്തണം. അമ്മിണി തിരിച്ചെത്തുന്നത് വരെ തനിച്ചാണ് സത്യഭാമ.
പരേതരായ വേലുവിന്റെയും അമ്മാളുവിന്റെയും ഏഴ് മക്കളിൽ മൂന്നാമത്തേയും ഏറ്റവും ഇളയതുമാണ് ഇരുവരും. അയൽവാസി ബാപ്പു വാങ്ങിക്കൊടുത്ത അരീക്കലിലെ വീട്ടിൽ നല്ല നിലയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
സഹോദരന്മാരുടെ ആവശ്യങ്ങൾക്കായി ബാങ്ക് വായ്പയെടുത്തതിനെ തുടർന്നുണ്ടായ കടത്തിൽ വീട് വിറ്റു. പിന്നീട് കോഴിച്ചെനയിൽ താമസിക്കുമ്പോഴായിരുന്നു സത്യഭാമയുടെ വിവാഹം. കോട്ടക്കൽ കുറ്റിപ്പുറത്ത് വാങ്ങിയ വീട്ടിൽ കഴിയുന്നതിനിടെ അമ്മിണിയുടെ വിവാഹം കഴിഞ്ഞെങ്കിലും ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. ഇതിനിടെ പട്ടാളക്കാരനായ മൂത്ത സഹോദരൻ മരിച്ചു.
മറ്റൊരു സഹോദരന് വേണ്ടി ഈ വീട് വിറ്റു. പിന്നീട് പൊട്ടിപ്പാറയിൽ വാടക വീട്ടിൽ അമ്മക്കൊപ്പമായി ഇരുവരുടെയും ജീവിതം. അമ്മ മരിച്ചതോടെ അമ്മിണി സത്യഭാമക്കും ഭർത്താവിനൊപ്പമായി. എട്ട് വർഷം മുമ്പ് ഇദ്ദേഹവും മരിച്ചു. സഹോദരന്മാരും ൈകയൊഴിഞ്ഞതോടെ തീർത്തും ഒറ്റപ്പെട്ട ജീവിതം.
സത്യഭാമയുടെ ഏകമകളെ ഉള്ള്യേരിയിലേക്കാണ് വിവാഹം കഴിച്ചത്. ഭൂരഹിത-ഭവനരഹിത പദ്ധതിയിലുൾപ്പെട്ട കുടുംബമാണെന്നും സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ച് ഭൂമിക്കും വീടിനുമുള്ള തുക കൈമാറുമെന്നുമാണ് നവകേരള സദസ്സിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.