കോട്ടക്കൽ: പ്രണയദിനത്തിൽ ഒന്നു ചുറ്റിക്കറങ്ങാൻ ഇറങ്ങിയതാണ് കോളജ് വിദ്യാർഥികൾ. പോകുന്ന വഴിക്ക് സ്കൂൾ മൈതാനം കണ്ടതോടെ ഒരുപൂതി. വൈബ് ആകാൻ മൈതാനത്ത് പൊടിപറത്തി ഇന്നോവ കാറുകൊണ്ട് അഭ്യാസപ്രകടനം. പേക്ഷ പണിപാളി. നാട്ടുകാർ വിദ്യാർഥികളെ തടഞ്ഞുവെച്ചു. പിന്നാലെ പൊലീസെത്തി 10,000 രൂപ പിഴയിട്ടു.
പെരിന്തൽമണ്ണയിൽനിന്ന് തിരൂരിലേക്ക് യാത്ര തിരിച്ചവരാണ് വിദ്യാർഥികൾ. കോട്ടക്കൽ നഗരവും കഴിഞ്ഞ് എടരിക്കോട്-തിരൂർ റോഡിലേക്ക് കാർ തിരിച്ചതോടെയാണ് സമീപത്തെ സ്കൂൾ മൈതാനം കണ്ടത്.
മൈതാനത്തിലേക്ക് ഓടിച്ചുകയറ്റിയ കാർ രണ്ടുമൂന്നു വട്ടം കറക്കിയതോടെ പൊടിപടലം ഉയർന്നു. ആയിരത്തിലധികം കുരുന്നുകൾ ക്ലാസിലിരുന്ന് പഠിക്കുന്ന സമയത്തായിരുന്നു ഈ അഭ്യാസപ്രകടനം. ഇതോടെ സ്കൂൾ ഡ്രൈവർമാരും സമീപത്തുള്ളവരും വാഹനം നിർത്താൻ ആവശ്യപ്പെട്ടു.
ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് നിർത്തി. തമാശക്ക് ചെയ്തതാണെങ്കിലും കളി കാര്യമായതോടെ സ്കൂൾ ഗേറ്റ് പൂട്ടിയിട്ടു. സംഭവവമറിഞ്ഞ് അധ്യാപകർക്ക് പിന്നാലെ പി.ടി.എ ഭാരവാഹികളും കോട്ടക്കൽ പൊലീസും എത്തി. വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പിഴയിട്ടത്.
അനുവാദമില്ലാതെ വാഹനം മൈതാനത്തേക്ക് ഓടിച്ചുകയറ്റൽ, ഭീതി പരത്തുന്ന ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പിഴ. ഉച്ചവരെ സമയം നഷ്ടപ്പെട്ടതിന് പിന്നാലെ ഇനി കോടതി കയറിയിറങ്ങി പിഴയും അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.