കോട്ടക്കല്‍: രാജസ്ഥാനിൽ നടന്ന ദേശീയ ജാമ്പൂരിയിൽ പങ്കെടുത്ത നൂറോളം വിദ്യാർഥികളാണ് കോട്ടക്കല്‍ ഗവ. രാജാസ് സ്കൂളിൽ പുരോഗമിക്കുന്ന സംസ്ഥാന കാമ്പോരിയിലെ താരങ്ങൾ. മറക്കാത്ത അനുഭവമായിരുന്നു രാജസ്ഥാനിലേതെന്ന് ഇവർ പറയുന്നു. സംസ്ഥാനത്തു നിന്നും 395 പേരാണ് ജനുവരി നാലു മുതൽ പത്തുവരെ നടന്ന ജാമ്പൂരിയിൽ പങ്കെടുത്തത്. കൂടുതലും മലപ്പുറത്തുകാരായിരുന്നു. ട്രെയിൻ മാർഗമായിരുന്നു യാത്ര.
രാജസ്ഥാനിലെ പാലിമാർ ജോധ്പൂരിൽ പത്തു ദിവസമായിരുന്നു ക്യാമ്പ്. 80,000 പേരാണ് പങ്കാളികളായത്.
കുതിര സവാരി, ഷൂട്ട്, ഒട്ടകവുമായി യാത്ര, രാജസ്ഥാൻ ക്യാമ്പ് ഫയർ, പരമ്പരാഗത നൃത്തങ്ങൾ എന്നിവക്കൊപ്പം നാവികസേനയുടെ ആകാശത്തുള്ള അഭ്യാസപ്രകടനങ്ങളാണ് ഗൈഡുകൾക്ക് ആവേശമായത്. ക്യാമ്പിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതാണ് മറ്റൊരു നേട്ടം.
മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ പരിചയപ്പെടാനും അവരോട് ഇടപഴകി ജീവിക്കാനും കഴിഞ്ഞത് അഭിമാനമാണെന്ന് പങ്കെടുത്ത തൃശൂർ വെങ്ങിണിശ്ശേരിയിലെ ആദർശും പറപ്പൂർ സെന്റ് ജോൺസിലെ ദേവികയും പറയുന്നു. സിക്കിം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് മലയാളം പഠിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പങ്കെടുത്തവർക്ക് നാലു മെഡലുകളും സ്കാർഫുമാണ് ലഭിച്ചിട്ടുള്ളത്. ജാമ്പൂരിയിലെ എസ്കോട്ടിങ് അധ്യാപകരായ മേൽമുറി എം.എം.ഇ.ടി യിലെ ടി.എം. സൈഫുദ്ധീൻ, പറപ്പൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ സ്റ്റെഫി പോൾ എന്നിവരും കോട്ടക്കലിൽ വിദ്യാർഥികൾക്കൊപ്പമുണ്ട്. ശാരീരികമായി കഴിവുള്ളവരെ നേരിട്ടാണ് ജാമ്പൂരിയിലേക്ക് തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ഇവരെല്ലാം സംസ്ഥാന കാമ്പോരിയിൽ ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.