മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ടെർമിനൽ നവീകരണം നീളുന്നതാണ് ആസ്ഥാനം മാറ്റുന്നതിന് കാരണമായി പറയുന്നത്. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലേറിയ ശേഷം 2021 ജൂണ്‍ എട്ടിന് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടെർമിനൽ നിർമാണം 2022 ജനുവരിയോടെ പൂർത്തിയാക്കാൻ തീരുമാനിച്ചുവെങ്കിലും ഒന്നും നടന്നില്ല. ജില്ലയിലെ നാല് ഡിപ്പോകളും ഉള്‍പ്പെടുത്തി രൂപവത്കരിച്ച പുതിയ ക്ലസ്റ്റര്‍ സംവിധാനം സംബന്ധിച്ച ഉത്തരവിലാണ് ഓഫിസ് പെരിന്തല്‍മണ്ണയിലേക്ക് മാറ്റാൻ നിർദേശമുള്ളത്.
ജില്ലതല ഓഫിസ് രീതിയിൽ ഭേദഗതി വരുത്തിയാണ് ക്ലസ്റ്റർ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ തീരുമാനപ്രകാരം ക്ലസ്റ്റർ ഓഫിസർ, അസി. ക്ലസ്റ്റർ ഓഫിസർ എന്നിവർക്കാണ് ചുമതല. എല്ലാ ജില്ലകളിലും സമാനമായ രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. മലപ്പുറവും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും ജില്ല ആസ്ഥാനമാണ് ക്ലസ്റ്റർ. കാസർകോട് ജില്ലയിലേത് കാഞ്ഞങ്ങാട്ടേക്ക് മാറ്റിയിരുന്നുവെങ്കിലും എം.എൽ.എ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിച്ചിട്ടുണ്ട്.
മലപ്പുറത്തെ വിഷയത്തിൽ പി. ഉബൈദുല്ല എം.എൽ.എ ഇടപെട്ടിട്ടുണ്ട്. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. അബ്ദുന്നാസറാണ് ജില്ലയിലെ ക്ലസ്റ്റർ ഓഫിസർ. പൊന്നാനി എ.ടി.ഒ വി. ഷാജിയാണ് അസി. ക്ലസ്റ്റർ ഓഫിസർ. അതേസമയം, ജില്ലയിൽ ക്ലസ്റ്റർ സംവിധാനം എന്നു മുതൽ ആരംഭിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ചീഫ് ഓഫിസിൽ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം മലപ്പുറത്ത് സന്ദർശിച്ചിരുന്നു. ഇവിടെ തന്നെ ഓഫിസ് ക്രമീകരിക്കുന്നതിന് ചെലവ് വരുമെന്നതിനാലാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
നീളുന്ന നിർമാണപ്രവൃത്തി, നോക്കുകുത്തിയായി ടെർമിനൽ
2015ലാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് സർക്കാർ അനുമതി നൽകിയത്. തുടർന്ന് പ്രവൃത്തിക്കായി ഒരു കോടി രൂപയും അനുവദിച്ചു. 2015 നവംബർ 23ന് 7.9 കോടിയുടെ ഭരണാനുമതിയും കെ.എസ്.ആർ.ടി.സി നൽകി. തുടർന്ന് 2016 ഏപ്രിൽ അഞ്ചിന് 7.45 കോടിക്ക് കരാർ നൽകി നിർമാണവും ആരംഭിച്ചു.
നിർമാണം ആരംഭിച്ച് ആറ് വർഷവും രണ്ട് മാസവും പിന്നിട്ടിട്ടും പദ്ധതി എവിടെയും എത്തിയില്ല. ഒരു കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ടിന് പുറമെ ബാക്കി വേണ്ടിവരുന്ന തുക പലിശ രഹിത നിക്ഷേപം വഴി ശേഖരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.പലിശ രഹിത നിക്ഷേപം വഴി ഉദ്ദേശിച്ച തുക ശേഖരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രവൃത്തി പ്രതിസന്ധിയിലായത്. ഇതോടെ കരാറുകാരന്റെ ബില്‍ തുക സമയത്തു നല്‍കാനും സാധിച്ചില്ല.
പണം ലഭിക്കാതെ വന്നതോടെ 2019ൽ കരാറുകാരൻ പ്രവൃത്തി നിർത്തിവെച്ചു. പിന്നീട് കരാറുകാരൻ കോടതിയെ സമീപിച്ചതോടെ 2021 ഫെബ്രുവരിയിലാണ് ചെലവായ തുക സർക്കാർ കൈമാറിയത്. നിലവില്‍ മലപ്പുറം ഡിപ്പോ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്.
ആറ് മാസത്തിലധികമായി വൈദ്യുതീകരണം, പ്ലമ്പിങ്, ശുചിമുറി നിര്‍മാണം, ഓഫിസ് നവീകരണം, കെട്ടിടം മോടിപിടിപ്പിക്കല്‍, ടൈല്‍സ് വര്‍ക്ക്, ഇരിപ്പിട നിര്‍മാണം, ബസ് പാര്‍ക്കിങ്ങിനുള്ള സൗകര്യം അടക്കമുള്ള നിര്‍മാണ പ്രവൃത്തികള്‍ ഒന്നുംതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. കോര്പറേഷന് നടപടി സ്വീകരിക്കാത്തതാണ് നിര്‍മാണ പ്രവൃത്തികള്‍ നിലക്കാന് കാരണമായത്.
എന്നാല്‍, ഇക്കാര്യം മറച്ചുപിടിച്ച് അസൗകര്യങ്ങളുടെ പേരില്‍തന്നെ ഡിപ്പോ ആസ്ഥാനം മാറ്റാനും തീരുമാനമെടുത്തതും കോര്പറേഷന്തന്നെയാണ്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അടിയന്തരമായി പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനിച്ചതെങ്കിലും നടപടികൾ എവിടെയും എത്തിയില്ല. ജില്ല ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ടെർമിനൽ ഇപ്പോഴും നോക്കുകുത്തിയായി തുടരുകയാണ്.
'ഓഫിസ് മാറ്റുന്ന വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ടിരുന്നു. വിഷയം അന്വേഷിച്ചതിനു ശേഷം പറയാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെ.എസ്.ആർ.ടി.സി ഓപറേഷൻ മാനേജറുമായി ബന്ധപ്പെട്ടിരുന്നു. മലപ്പുറത്ത് പ്രവൃത്തി നടക്കുന്നതുകൊണ്ടാണ് ഓഫിസ് മാറ്റിയതെന്നാണ് അറിയിച്ചത്. പ്രവൃത്തി പൂർത്തിയായാൽ ഓഫിസ് മലപ്പുറത്ത് പുനഃസ്ഥാപിക്കുമെന്നും ഓപറേഷൻ മാനേജർ പറഞ്ഞിരുന്നു' -പി. ഉബൈദുല്ല എം.എൽ.എ
നീക്കം ഉപേക്ഷിക്കണം-കെ.എസ്.ടി വർക്കേഴ്സ് യൂനിയൻ
മലപ്പുറം: ജില്ല ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയെ തരംതാഴ്ത്തി ഓപറേറ്റിങ് സെൻററാക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻമാറണമെന്ന് കെ.എസ്.ടി വർക്കേഴ്സ് യൂനിയൻ മലപ്പുറം യൂനിറ്റ് കമിറ്റി ആവശ്യപ്പട്ടു.കുന്നുമ്മലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം ഉടനടി പൂർത്തികരിച്ച് സർവീസ് ഓപറേഷൻ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് എം.ആർ. സെൽവരാജ് അധ്യക്ഷത വഹിച്ചു. ഷാജി സജ്ഞയ് നൊട്ടിത്തൊടി, വി. മെയ്തു, സി.കെ. മുഹമ്മദ്കുട്ടി, കെ. സുനിൽ, എം. അബ്ദുൽനാസർ, ലതീന്ദ്രൻ, എം. ഭാസ്കരൻ, യാസിർ കൂരിമണ്ണിൽ എന്നിവർ സംസാരിച്ചു.
പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി
മലപ്പുറം: ജില്ല ആസ്ഥാനത്തുനിന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പൊതുജനത്തിനും വിദ്യാർഥികൾക്കും സേവനങ്ങൾക്കായി പെരിന്തൽമണ്ണയിലേക്കു പോകേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നും തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ശാക്കിർ മോങ്ങം, സെക്രട്ടറി ടി. അഫ്സൽ, എ. സദ്റുദ്ദീൻ, സാജിദ പൂക്കോട്ടൂർ, കെ.എൻ. ജലീൽ, എം. മജീദ, എം. മുസ്തഫ, പി.പി. ബാസിത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.