വേങ്ങര: വാണിജ്യ കെട്ടിടം പണിയുന്നതിന് ലക്ഷംവീട് കോളനിയിലെ കെട്ടിടം പൊളിച്ചുനീക്കി. പുതുക്കിപ്പണിത് ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷത്തിനുശേഷമാണ് കെട്ടിടം പൊളിച്ചുനിരത്തിയത്. വേങ്ങര പഞ്ചായത്തിലെ 10ാം വാർഡ് അരീക്കുളം ലക്ഷംവീട് കോളനിയിലെ കണ്ണായ സ്ഥലത്തെ വീടാണ് പൊളിച്ചത്. വേങ്ങര മണ്ണിൽപിലാക്കൽ എം.എൽ.എ റോഡിന് അഭിമുഖമായാണ് ഈ നാലുസെന്റ് ഭൂമി. 2018 ജനുവരി അഞ്ചിന് ഉദ്ഘാടനം ചെയ്ത 20 വീടുകളിലൊന്നാണ് പൊളിച്ചത്. സ്ഥലവും കെട്ടിടവും പള്ളിയാളി ഹമീദ് എന്നയാളുടെ കൈവശമായിരുന്നു. അരീക്കുളം കോളനിയിൽ ഇരട്ട വീടുകളിലായി 20 കുടുംബമാണ് താമസിച്ചിരുന്നത്. വീടുകൾ ശോച്യാവസ്ഥയിലായതിനെ തുടർന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2015ൽ ഒറ്റവീടുകളാക്കി മാറ്റാൻ പദ്ധതി തയാറാക്കുകയായിരുന്നു.
താമസം തുടങ്ങി ആറുവർഷം തികയുംമുമ്പാണ് കെട്ടിടം വൻവിലയ്ക്ക് കൈമാറ്റം ചെയ്തത്. ഇതേ സ്ഥലത്തോടു േചർന്നുള്ള പൊതുകിണർകൂടി ഇവർ കൈയടക്കുമോ എന്ന ഭീതിയിലാണ് മറ്റു ലക്ഷംവീട് നിവാസികൾ.
അതേസമയം, അനുവദിച്ച വീട് 10 വർഷത്തിനുശേഷം കൈമാറ്റം ചെയ്യുന്നതിൽ തടസ്സമില്ലെന്ന് വേങ്ങര പഞ്ചായത്ത് അധികൃതർ പറയുന്നു.
പൊതുഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്ഥലവും കെട്ടിടവും പൊളിച്ചുമാറ്റി, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.