മലപ്പുറം: മാനദണ്ഡം പാലിക്കാതെ പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷനടുത്ത് തുടരുന്ന ഉദ്യോഗാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസത്തിലേക്ക്. കുട്ടികളും കുടുംബവുമടക്കമെത്തിയാണ് വനിത ഉദ്യോഗാർഥികൾ സമരം തുടരുന്നത്.
നിരാഹാരമിരിക്കുന്ന വനിതകളായ ഉദ്യോഗാർഥികളുടെ ആരോഗ്യ നില മോശമായിട്ടുണ്ട്്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായ രണ്ട്പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും ജനപ്രതിനിധികളും സമരപ്പന്തലിലെത്തി. യു.എ. ലത്തീഫ് എം.എൽ.എ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മാഇൽ മൂത്തേടം, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, സി.പി.െഎ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികൾ, എ.െഎ.വൈ.എഫ് ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, കെ.എസ്.ടി.യു ഭാരവാഹികൾ, കെ.പി.എസ്.ടി.എ ഭാരവാഹികൾ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ, എസ്.ഇ.യു സംസ്ഥാന -ജില്ല ഭാരവാഹികൾ, ബി.എം.എസ് പ്രതിനിധികൾ തുടങ്ങിയവർ സമര പന്തലിലെത്തി െഎക്യദാർഢ്യം അർപ്പിച്ചു.
അതേസമയം സി.പി.െഎ സംഘടനകളടക്കം നിരാഹാര സമരത്തിലുള്ള ഉദ്യോഗാർഥികളെ സന്ദർശിച്ചിട്ടും സി.പി.എം സംഘടനകൾ സമര പന്തലിൽ സന്ദർശിക്കാതെ മനപ്പൂർവം അവഗണിച്ചതും ചർച്ചയായി. കഴിഞ്ഞ ദിവസം നിരാഹാര സമരപന്തലിനു തൊട്ടടുത്ത് സി.പി.എം മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. എന്നാൽ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അടക്കമുള്ള നേതാക്കൾ സമരവേദിയുടെ തൊട്ടു മുന്നിലൂടെ പോയിട്ടും സമര പന്തൽ സന്ദർശിക്കാതെ പോവുകയായിരുന്നു. രാഷ്ട്രീയ ഭേദമേന്യ നടക്കുന്ന സമരത്തിൽ സി.പി.ഐ സംഘടനകളടക്കം നിരവധി സംഘടനകളാണ് ഇതിനോടകം ഐക്യദാർഢ്യവുമായെത്തിയത്.
ജില്ല പഞ്ചായത്ത് മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനും കത്തയച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപക-അനധ്യാപക ഉദ്യോഗാർഥികളുടെ നിരാഹാര സമരത്തിൽ എത്രയും പെെട്ടന്ന് അനുകൂല നടപടിയെടുക്കണമെന്നും സമരത്തിൽ പെങ്കടുക്കുന്ന വനിതകളുടെ ജീവൻ അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാൻ എം.െക. സക്കീറിനും കത്തയച്ചു. ജില്ലയിൽ എൽ.പി സ്കൂളുകളിൽ ഇപ്പോഴുള്ള ഒഴിവുകളും വരുംവർഷങ്ങളിൽ ഉണ്ടാവുമെന്ന് ഉറപ്പുള്ള മൂവായിരത്തോളം ഒഴിവുകളും നികത്താൻ ആയിരത്തിൽ താഴെ മാത്രം റാങ്ക് ഹോൾഡേഴ്സിനെ ഉൾക്കൊള്ളിച്ചുള്ള മുഖ്യപട്ടിക പ്രസിദ്ധീകരിച്ച പി.എസ്.സി നിലപാട് തിരുത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇൗ ആവശ്യം ഉന്നയിച്ച് ഇവർ നടത്തുന്ന സമരം ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണ്.
പൂർണമായും ഭക്ഷണം ഉപേക്ഷിച്ച് നടത്തുന്ന സമരംമൂലം സമരക്കാരുടെ ജീവൻ അപകടത്തിലാണ്. സമരക്കാരുമായി ചർച്ച ചെയ്യാനോ സമരം അവസാനിപ്പിക്കാനോ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ മാന്യമായ ഇടപെടലുകൾ ഉണ്ടാവാത്തത് ഖേദകരവും ആശങ്കജനവുമാണ്.
മറ്റ് ജില്ലകളിലെല്ലാം അവിടങ്ങളിൽ ഒഴിവുള്ള എൽ.പി അധ്യാപക തസ്തികയുടെ എണ്ണത്തേക്കൾ കൂടുതൽ പേരെ ഉൾപ്പെടുത്തി മുഖ്യപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ മാത്രം ഒഴിവുള്ള തസ്തികയുടെ എണ്ണത്തിനനുസരിച്ച് പോലും ഉദ്യോഗാർഥികളെ ഉൾപ്പെടുത്താതെ മുഖ്യപട്ടിക പ്രസിദ്ധീകരിച്ച നടപടി നീതീകരിക്കാനാവില്ല. ഇത് ഉദ്യോഗാർഥികളുടെ മാത്രം പ്രശ്നമല്ല. ജില്ലയിലെ മൊത്തം പ്രൈമറി വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണ്. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് സമരം അവസാനിപ്പിക്കാനുള്ള അനുഭാവപൂർമായ നടപടികൾ കൈക്കൊള്ളണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.