മലപ്പുറം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്കൂളുകളിലായി സ്കൂള്‍ ഗോയിങ് റെഗുലര്‍ വിഭാഗത്തില്‍ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 48,054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 4283 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജരാക്കിയത് പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി സ്കൂളും കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍സെക്കൻഡറി സ്കൂളുമാണ്. യഥാക്രമം 741ഉം 714ഉം വിദ്യാര്‍ഥികളാണ് ഈ സ്കൂളുകളിൽ പരീക്ഷ എഴുതിയിരുന്നത്. 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ സ്കൂളുകൾ 13 ആണ്.
ടെക്നിക്കല്‍ വിഭാഗത്തില്‍ ജില്ലയില്‍നിന്ന് 295 പേര്‍ പരീക്ഷയെഴുതിയതില്‍ 196 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 66 ശതമാനമാണ് വിജയം. നാലുപേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഓപണ്‍ വിഭാഗത്തില്‍ 18,171 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 8687 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 47.81 ആണ് വിജയ ശതമാനം. 246 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. ഓപണ്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തിയതിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം ജില്ലക്കാണ്. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജില്ലയില്‍ 2766 പേര്‍ പരീക്ഷ എഴുതിയതില്‍ 2279 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 82.39 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 83.22 ശതമാനം വിജയമാണുണ്ടായിരുന്നത്.
2022 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷക്ക് അപേക്ഷിക്കാം. 2022ലെ സേ/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
മുഴുവന്‍ മാര്‍ക്കും നേടി ലെനയും ശ്രീദേവും: 1200ൽ 1200യും നേടിയാണ് ഇരുവരും താരങ്ങളായത്
എടക്കര: പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ജില്ലക്ക് അഭിമാനമായി രണ്ട് വിദ്യാര്‍ഥികള്‍. പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എസ്.ജെ. ശ്രീദേവ് കൃഷ്ണ, ലെന എലിസബത്ത് മാർട്ടിൻ എന്നിവരാണ് 1200ല്‍ മുഴുവൻ മാര്‍ക്കും നേടി നാടിന്റെ അഭിമാന താരങ്ങളായത്.
നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ. സുനിലിന്റെയും മരുത വെണ്ടേക്കുംപൊട്ടി ഗവ. എൽ.പി സ്കൂൾ അധ്യാപിക കെ. ജ്യോത്സനയുടെയും മകനാണ് നാരോക്കാവ് മേക്കൊരവ സ്വദേശിയായ ശ്രീദേവ് കൃഷ്ണ.
നിലമ്പൂർ മണലൊടി സ്വദേശിയും പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനുമായ ഷിബു മാർട്ടിൻ ജോണിന്റയും മമ്പാട് എ.എം.യു.പി സ്കൂൾ അധ്യപിക നീന ഈപ്പന്റെയും മകളാണ് ലെന എലിസബത്ത് മാർട്ടിൻ. ഇരുവരുടെയും നേട്ടത്തോടെ തുടര്‍ച്ചയായ പത്താം വര്‍ഷവും മുഴുവന്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികളെ സംഭാവന ചെയ്ത സ്കൂളായി മാറിയിരിക്കുകയാണ് പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.