മലപ്പുറം: ജീവിത സായാഹ്നത്തിൽ പഴയ കലാലയ ഓർമകൾ പങ്കുവെക്കാൻ അവർ ഒത്തുകൂടി, 50 വർഷത്തിന് ശേഷം. മലപ്പുറം ഗവ. കോളജിൽ 1972-80 വരെ പഠിച്ച വിദ്യാർഥികളാണ് മലപ്പുറം ഡി.ഡി.ഇ ഓഫിസിന് സമീപത്തെ ഐ.ടി.ഐ കാമ്പസിൽ ഒത്തുചേർന്നത്. കോളജിലെ ആദ്യ ബാച്ചിലെ വിദ്യാർഥികളായിരുന്നു ഇവർ. മലപ്പുറം ഗവ. കോളജ് 50ാം വാർഷികത്തിന്റെ ഭാഗമായാണ് 'പോരിശ' പേരിൽ 1972-80ലെ പൂർവ വിദ്യാർഥി സംഗമം നടത്തിയത്. പി.ഡി.സി, ഡിഗ്രി ഉൾപ്പെടെ അഞ്ച് ബാച്ചുകളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
അടിയന്തരാവസ്ഥയുടെ കാലത്ത് കലാലയ പഠനം പൂർത്തിയാക്കിയ ഇവർ അന്നത്തെ അധ്യപകനായിരുന്ന ബി. രാജീവനെ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതടക്കമുള്ളവ ഓർത്തെടുത്തു. 200ഓളം പൂർവ വിദ്യാർഥികളും അധ്യാപകരും സംഗമത്തിനെത്തി. കോളജിന്റെ രണ്ടാമത്തെ പ്രിൻസിപ്പലായിരുന്ന പ്രഫ. ബി. മുഹമ്മദ് ഉണ്ണി ആരോഗ്യ അവശത മാറ്റിവെച്ച് ചടങ്ങിന് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ പ്രിൻസിപ്പൽ അന്തരിച്ച സദാശിവൻ നായരായിരുന്നു. പ്രഫ. ഇസ്മായിൽ, ഇ.കെ. അഹമ്മദ് കുട്ടി, ഡോ. മൊയ്തുപ്പ, പ്രഫ. കെ. കുഞ്ഞിമുഹമ്മദ്, ഡോ. ഹാറൂൺ, ടി.പി. അബ്ദുൽ റശീദ്, കെ.ടി. അബ്ദുറഹ്മാൻ, പ്രഫ. കെ.കെ മുഹമ്മദ്, ഡോ. കാസിം, എ.കെ. അബ്ദുറഹ്മാൻ, ടി.പി. ഹസൻ ഉൾപ്പെടെ 24 അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. പരിചയം പുതുക്കിയും സൗഹൃദങ്ങൾ പങ്കുവെച്ചും വിശേഷങ്ങൾ അറിഞ്ഞും അവർ ഓരോ നിമിഷങ്ങളും ധന്യമാക്കി വീണ്ടും കാണാമെന്ന ഉറപ്പിൽ പിരിഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അലുംനി പ്രസിഡന്റ് മുൻ ജില്ല പൊലീസ് മേധാവി കെ. അബ്ദുൽ കരീം, കെ.എം. ഗിരിജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.