മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം പരിഹരിച്ച് രണ്ടാഴ്ചക്കകം പ്രവൃത്തി പുനരാരംഭിക്കാൻ ധാരണയായി. 2022-23 വർഷത്തെ എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സമാണ് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ നീങ്ങിയത്.
മലപ്പുറം എം.എൽ.എ പി. ഉബൈദുല്ലയുടെ ആവശ്യപ്രകാരം കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ പ്രമോദ് ശങ്കർ വിളിച്ച യോഗത്തിലാണ് ധാരണ. നിലവിലുള്ള ടെൻഡർ നിലനിർത്തികൊണ്ടുതന്നെ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം, ടെർമിനൽ പ്രവൃത്തികളുടെ സാങ്കേതിക മേൽനോട്ടം വഹിക്കും. ഇതിനായി കെ.എസ്.ആർ.ടി.സി പ്രത്യേക ഉത്തരവ് നൽകും. കെ.എസ്.ആർ.ടി.സിയും പൊതുമരാമത്ത് വകുപ്പും കരാറുകാരനും തമ്മിലുള്ള തേഡ് പാർട്ടി കരാറും ഒപ്പുവെക്കും.
ഇതോടൊപ്പം 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാനും പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം, മലപ്പുറം എക്സിക്യൂട്ടിവ് എൻജിനീയർക്കായിരിക്കും സൂപ്പർവിഷൻ ചുമതല. ട്രാൻസ്പോർട്ട് ഭവനിൽ ചേർന്ന യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ, കെ.എസ്.ആർ.ടി സി. സി.എം.ഡി പ്രമോജ് ശങ്കർ, ജനറൽ മാനേജർ ജോഷോ ബെന്നറ്റ് ജോൺ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എൽ. ബീന, ഓവർസിയർ ഗിരീഷ് എന്നിവർ പങ്കെടുത്തു.
മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമ്മാണം 2016ൽ ആരംഭിച്ചെങ്കിലും പലവിധ തടസ്സങ്ങളിൽപ്പെട്ട്, പദ്ധതി അനന്തമായി നീളുകയായിരുന്നു. ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലു നില കെട്ടിടത്തിന്റെ പണി ഭാഗികമായി പൂർത്തീകരിച്ചിരുന്നു. ഓഫിസുകൾ പ്രവർത്തനമാരംഭിച്ചു. 90 ലക്ഷം രൂപയുടെ കെ.എസ്.ആർ.ടി.സി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണങ്ങൾ അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.