മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സർക്കാർ നിർദേശിച്ച ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൂചന പണിമുടക്കിൽ പങ്കെടുത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ്. സ്റ്റാഫ് നഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 57 പേർക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.
യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിലാണ് ജീവനക്കാർ ഫെബ്രുവരി 26ന് ഉച്ചക്ക് 12.30 മുതൽ 2.30 വരെ പണിമുടക്കിയത്. കഴിഞ്ഞ നാലു മാസമായി നൽകാനുള്ള കോവിഡ് അലവൻസ് നൽകുക, സുപ്രീംകോടതി നിർദേശ പ്രകാരമുള്ള മിനിമം വേതനം എൻ.എച്ച്.എം മേഖലയിലും നടപ്പാക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. പണിമുടക്കിെൻറ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ കാൽനട ജാഥയും നടത്തി.
എന്നാൽ, ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം വരുത്തുന്ന രീതിയിൽ കോമ്പൗണ്ടിനകത്ത് പ്രകടനം നടത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആശുപത്രിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയതായും കാണിച്ചാണ് നോട്ടീസ് നൽകിയത്.
മൂന്നു ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പറയുന്നു. എന്നാൽ, ജോലിയിൽനിന്ന് നേരത്തേ രാജിവെച്ച് പോയവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഘടനയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.