മഞ്ചേരി: മെഡിക്കൽ േകാളജ് ഗൈനക്കോളജി വിഭാഗം വീണ്ടും പഴയപ്പടിയിലേക്ക്. ഡോക്ടർമാരുടെ പ്രതിസന്ധി മറികടക്കാൻ നിയമിച്ച രണ്ടുപേർ കാലാവധി പൂർത്തിയാക്കി മടങ്ങി. ഇതോടെ വീണ്ടും നാല് ഡോക്ടർമാരെവെച്ച് ജോലിചെയ്യേണ്ട ഗതികേടിലാണ്. ഒരാഴ്ചത്തേക്കായിരുന്നു എറണാകുളം മെഡിക്കൽ കോളജിൽനിന്ന് രണ്ട് ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചത്. ക്വാറൻറീൻ ഇല്ലാതെയും വിശ്രമമില്ലാതെയും ജോലി ചെയ്യാനാവില്ലെന്നും പുതിയ ഡോക്ടർമാരെ നിയമിക്കുന്നത് വരെ ഗൈനക്കോളജി വിഭാഗം നിർത്തിവെക്കാനും തീരുമാനിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനായിരുന്നു തീരുമാനം. ഇതോടെയാണ് അസി. പ്രഫസർ, സീനിയർ റസിഡൻറ് എന്നിവരെ നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇതിന് പുറമെ രണ്ട് പി.ജി വിദ്യാർഥികളെയും നിയമിച്ചിരുന്നു. എന്നാൽ, എറണാകുളത്ത് നിന്നെത്തിയ രണ്ടുപേർ മടങ്ങി. കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതോടെ ഒരു പി.ജി വിദ്യാർഥിക്കും ക്വാറൻറീനിൽ പോകേണ്ടിവന്നു. ഇതോടെയാണ് പഴയ പോലെ ഡോക്ടർമാരുടെ എണ്ണം നാലിലേക്കെത്തിയത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബോണ്ട് കാലാവധി പൂർത്തിയാക്കിയ മടങ്ങിയ മൂന്ന് പി.ജി വിദ്യാർഥികൾക്ക് മൂന്നുമാസം കൂടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, നിർദേശം പാലിക്കാതെ ഇവർ മടങ്ങി. ഇവരെ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യം. ഇതിന് പുറമെ ഗർഭിണിയായ ഡോക്ടർ കോവിഡ് ഡ്യൂട്ടി എടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് അവധിയിലാണ്. ഇവരെ മറ്റൊരിടത്തേക്ക് മാറ്റി പകരം മറ്റൊരാളെ നിയമിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.