ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ന്താ​യ ‘അ​ൽ​രി​ഹ്​​ല’ മ​ഞ്ചേ​രി​യി​ലെ ഫി​ഫ സ്പോ​ർ​ട്സി​ലെ​ത്തി​ച്ച​പ്പോ​ൾ

ഖത്തറിൽനിന്ന് 'അൽരിഹ്ല'യെത്തി; ആവേശത്തിൽ കാൽപന്ത് പ്രേമികൾ

മഞ്ചേരി: ഏഴു മാസത്തിനു ശേഷം ലോകം ഒരു പന്തിന് പിന്നാലെ ആയിരിക്കും. നവംബറിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന്‍റെ ആരവങ്ങൾ എത്തുന്നതിനു മുമ്പേ ആവേശത്തിലേക്ക് ചുവടുവെച്ച് ജില്ല. ഫുട്ബാളിന്‍റെ മക്കയിലേക്ക് ഇതിനായി എത്തിച്ചത് ആകട്ടെ ഖത്തറിനെ തീ പിടിപ്പിക്കാനൊരുങ്ങുന്ന ലോകകപ്പിന്‍റെ ഔദ്യോഗിക പന്തായ സാക്ഷാൽ 'അൽരിഹ്ല' തന്നെ. സന്തോഷ് ട്രോഫി ആരവങ്ങൾക്ക് കാത്തിരിക്കുന്ന ജില്ലക്ക് ഇരട്ടി മധുരമായാണിത് എത്തിയത്.

മഞ്ചേരി ഫിഫ സ്പോർട്സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽനിന്ന് പന്ത് ജില്ലയിലേക്ക് ആദ്യമായി എത്തിച്ചത്. ഖത്തറിലുള്ള സുഹൃത്ത് കോഴിക്കോട് സ്വദേശി റൗഷിദ് വഴിയാണ് പന്ത് സംഘടിപ്പിച്ചത്. 620 ഖത്തർ റിയാൽ അഥവാ നാട്ടിലെ 13,000 രൂപയാണ് പന്തിന്‍റെ വില.

കഴിഞ്ഞ ദിവസം ഖത്തറിൽനിന്ന് എത്തിയ സുഹൃത്ത് വഴി മഞ്ചേരിയിലെ ഷോപ്പിലെത്തിച്ചു. പന്ത് പുറത്തിറങ്ങിയ അന്നുതന്നെ അഡിഡാസിന്‍റെ ഡീലർമാരെ സമീപിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെത്താൻ രണ്ടു മാസംകൂടി സമയം എടുക്കുമെന്ന് അറിഞ്ഞതോടെയാണ് ഖത്തറിലുള്ള സുഹൃത്ത് വഴി പന്ത് സംഘടിപ്പിച്ചതെന്ന് മുഹമ്മദ് സലീം 'മാധ്യമ'ത്തോട് പറഞ്ഞു.

വിൽപനക്കായി എത്തിച്ചതല്ലെന്നും പ്രദർശനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ 14ാം തവണയാണ് അഡിഡാസ് ലോകകപ്പിനുള്ള പന്ത് തയാറാക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് ഇത് പുറത്തിറക്കിയത്. സന്തോഷ് ട്രോഫി കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലോകകപ്പിന്‍റെ പന്തുകൂടി എത്തിയതോടെ ആവേശം വാനോളമായി.

സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ പ്രദർശനം നടത്തുമെന്ന് മുഹമ്മദ് സലീമും ഫിഫ ഫുട്ബാൾ ക്ലബ് മാനേജർ യാഷിക് മേച്ചേരിയും പറഞ്ഞു. സെൽഫിയെടുക്കാനും പന്ത് കാണാനുമായി നിരവധി പേരാണ് മഞ്ചേരിയിലെ ഫിഫ ഷോപ്പിലെത്തുന്നത്. 

Tags:    
News Summary - Al Rihla Official 2022 World Cup Match Ball reached manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.