മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ഇതര ചികിത്സ പുനരാരംഭിച്ചെങ്കിലും പ്രധാന ഒ.പികൾ പ്രവർത്തിക്കാത്തതിനാൽ സാധാരണക്കാരായ രോഗികൾക്ക് വീണ്ടും തിരിച്ചടി. ഏറ്റവും കൂടുതൽ രോഗികളെത്തുന്ന ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഇ.എൻ.ടി, സർജറി, മെഡിസിൻ, അനസ്തേഷ്യോളജി തുടങ്ങിയ ഒ.പികളാണ് പ്രവർത്തിക്കാത്തത്. താരതമ്യേന രോഗികൾ കുറവുള്ള ഒ.പികളാണ് പുനഃസ്ഥാപിച്ചത്.
മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ മാത്രമാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് മറികടക്കാനാണ് ജില്ല ഭരണകൂടം രോഗികൾ കുറഞ്ഞ ഒ.പികൾ റഫറൽ സംവിധാനമായി ആരംഭിച്ചത്. ഇത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണെന്ന ആക്ഷേപം ശക്തമാണ്. ജില്ലയിൽ തെന്ന ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് മഞ്ചേരി മെഡിക്കൽ കോളജിലാണ്. എന്നാൽ, നിലവിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമേ ആശുപത്രിയിൽ ചികിത്സ നൽകുന്നുള്ളൂ. മറ്റുള്ളവർ സ്വകാര്യ ആശുപത്രികളെയും ജില്ലയിലെ തന്നെ മറ്റു സർക്കാർ ആശുപത്രികളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. ഗുരുതരമായ സ്ഥിതി വന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ഓടേണ്ടി വരും. ഈ വിഭാഗത്തിലെ പകുതിയിലധികം കിടക്കകളും കാലിയാണ്. എന്നിട്ടും പ്രസവ കേസുകൾ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം വൈകുകയാണ്.
ജില്ലക്ക് പുറത്തുള്ള മെഡിക്കൽ കോളജുകളിൽ ഈ ചികിത്സ ലഭിക്കുമ്പോൾ ഇവിടെ മാത്രം രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നതാണ് വിരോധാഭാസം. കോവിഡ് ബാധിച്ച 22 ഗർഭിണികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആശുപത്രിയിൽ േകാവിഡ് ഇതര ചികിത്സ നിർത്തലാക്കിയതോടെ ഡോക്ടർമാരെ വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അവിടെ ഇപ്പോഴും മതിയായ സൗകര്യങ്ങൾ പോലും ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. ഇതോടെ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുന്നില്ലെന്നതാണ് വസ്തുത. എന്നാൽ, മതിയായ സൗകര്യങ്ങൾ എല്ലാമുള്ള മെഡിക്കൽ കോളജിൽ ചികിത്സ നൽകാതെ രോഗികളെ പ്രയാസപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.