മഞ്ചേരി: യുവാവിനെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയില്‍ തള്ളുകയും ചെയ്ത കേസിന്റെ വിചാരണ മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടി നീരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുവാണ് (35) കൊല്ലപ്പെട്ടത്. കോഴിപ്പുറം പള്ളിക്കല്‍ സ്വദേശികളായ മാനാട്ടുപുറം അഷ്റഫ് (44), മാടത്തിലക്കണ്ടി മുതുവാട്ട് ഫാസില്‍ അന്‍സാര്‍ (39), വയറൊട്ടി വീട്ടില്‍ അന്‍സാര്‍ (35), തേഞ്ഞിപ്പലം നീരോല്‍പ്പലം പറമ്പാളില്‍ പൊന്നച്ചന് മുഹമ്മദ് റഫീഖ് എന്ന റാഫി (36), പുത്തൂര്‍ പള്ളിക്കല്‍ സോപാനം ഹൗസില്‍ നെടുമ്പള്ളി മാട്ടില്‍ രാജേഷ് (35), പള്ളിക്കല്‍ പരുത്തിക്കോട് കുറുപ്പന്തൊടി നെടുമ്പള്ളി മാട്ടില്‍ ബിജേഷ് കുഞ്ഞാണി (35), ഫറോക്ക് ചുങ്കം വായപ്പൊറ്റത്തറ ചാലിയില് കടവത്ത് മാളിയില്‍ ആഷിഖ് (35), പുളിക്കല്‍ ഒളവട്ടൂര്‍ തോണിക്കല്ലുപാറ ഇരുമ്പിടിച്ചോല അബ്ദുല്‍ റഷീദ് (36) എന്നിവരാണ് പ്രതികള്‍.
കൊല്ലപ്പെട്ട കുഞ്ഞിമുഹമ്മദും സുഹൃത്ത് കോയയും കേസിലെ നാലാം പ്രതി റാഫി, ഏഴാം പ്രതി ആഷിഖ് എന്നിവരുമായി സാമ്പത്തിക ഇടപാട് നടന്നിരുന്നു. ഇതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തേഞ്ഞിപ്പലം മുണ്ടിയന്മാട് പള്ളിപ്പടി കോണ്‍ക്രീറ്റ് റോഡിലെ ചായിച്ചന്കുട്ടിത്തൊടിയിൽ നില്‍ക്കുകയായിരുന്ന കുഞ്ഞിമുഹമ്മദിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
2012 നവംബര്‍ 19ന് രാത്രി എട്ടിനായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി ഹാജരായ പി.പി ബാലകൃഷ്ണന് കൊല്ലപ്പെട്ട കുഞ്ഞിമുഹമ്മദിന്റെ രണ്ടാം ഭാര്യയെയും ആദ്യഭാര്യയിലെ മകനെയും വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.