മഞ്ചേരി: ചെട്ടിയങ്ങാടിയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലും കണ്ണു തുറക്കാതെ അധികൃതർ. അപകടത്തെ തുടർന്ന് ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തെ അവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല.
പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി പൊലീസിന്റെ സഹായത്തോടെ വേഗനിയന്ത്രണ ബോർഡ് സ്ഥാപിച്ചിരുന്നു. ഡിസംബർ 23നകം കരാർ കമ്പനി സ്ഥിരംസംവിധാനം ഒരുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം നടപ്പിലായില്ല. ശാസ്ത്രീയമായ രീതിയിൽ അഴുക്കുചാലും നിർമിച്ചില്ലെന്ന പരാതിയുമുണ്ട്.
മഴ പെയ്താലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ചോർച്ച ഉണ്ടായാലും വെള്ളം ഡ്രൈനേജിലേക്ക് പോകാതെ റോഡിൽ കെട്ടിക്കിടക്കും. റോഡിന്റെ വശങ്ങളിൽ പതിച്ച സിമന്റ് കട്ടകൾ റോഡിനേക്കാളും ഡ്രൈനേജിലേക്ക് വെള്ളം പോകുന്ന വഴിയേക്കാളും ഉയർന്നാണുള്ളത്. ഇതാണ് പ്രശ്നത്തിന് കാരണം. തെരുവു വിളക്കിന് സ്ഥാപിച്ച ഏഴ് കാലുകൾ റോഡിലേക്ക് ചാഞ്ഞുകിടക്കുകയാണ്.
വിളക്കുകാലുകളുടെ അടിത്തറ തീരെ ഉറപ്പില്ലാത്തതിനാൽ വാഹനം ചാരിയാൽ പോലും അടിതെറ്റി റോഡിലേക്ക് വീഴുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. അപകട മേഖലയിൽ സ്ഥാപിച്ച മിക്ക സൂചന ബോർഡുകളും ഒടിഞ്ഞാണ് കിടക്കുന്നത്. റോഡിൽ ശാസ്ത്രീയമായ ഡിവൈഡർ സ്ഥാപിക്കാനുള്ള നടപടിയും ആയിട്ടില്ല. കഴിഞ്ഞ ഡിസംബർ 15നാണ് അപകടം നടന്നത്. അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ അഞ്ച് പേരാണ് മരിച്ചത്.
പിറ്റേ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധമടക്കമുള്ള സമരം നടത്തിയതോടെയാണ് തഹസിൽദാറുടെ അധ്യക്ഷതയിൽ ചർച്ച നടത്തി തീരുമാനമെടുത്തത്. യോഗത്തിലെ തീരുമാനങ്ങൾ പൂർണമായും സമയബന്ധിതമായി നടപ്പാക്കാൻ വൈകുന്നതിൽ അമർഷത്തിലാണ് നാട്ടുകാർ. തീരുമാനം ഉടൻ നടപ്പാക്കിയില്ലെങ്കിൽ വീണ്ടുമൊരു ജനകീയ സമരത്തിന് നാട്ടുകാർ തയാറാകുമെന്ന് നാട്ടുകാരുടെ പ്രതിനിധി ഹുസ്സൈൻ വല്ലാഞ്ചിറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.