മഞ്ചേരി: തുറക്കൽ ബൈപാസിന് സമീപം പുതുക്കുടി തോട്ടിലേക്ക് അഴുക്കുചാൽ നിർമിക്കുന്ന പദ്ധതി നഗരസഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. കാത്തിരാട്ട്കുന്ന് പുതുക്കുടി റോഡിനോട് ചേർന്ന ഡ്രൈനേജിന്റെ പ്രവൃത്തിയാണ് തുടങ്ങിയ ദിവസംതന്നെ നിർത്തേണ്ടി വന്നത്. പരിസരത്തെ വീടുകളിൽ വെള്ളം കയറാതിരിക്കാൻ വയലിൽ കെട്ടിനിൽക്കുന്ന വെള്ളം പുതുക്കുടി തോട്ടിലേക്ക് ഒഴുക്കിവിടാനായിരുന്നു പദ്ധതി. എന്നാൽ, പ്രദേശവാസികൾ ചേരിതിരിഞ്ഞ് ഇതിൽ രാഷ്ട്രീയം കലർത്തിയതോടെയാണ് പ്രവൃത്തി മുടങ്ങിയത്.
നേരത്തേ കച്ചേരിപ്പടി തുറക്കൽ ബൈപാസ് ഉയർത്തിയതോടെ പുതുക്കുടി റോഡ് താഴ്ചയിലായിരുന്നു. മഴക്കാലത്ത് ഇത് യാത്രാ ദുരിതം വിതച്ചതോടെ റോഡ് ഉയർത്തി. ഇതോടെ റോഡിന് സമീപത്തെ വീടുകൾ താഴ്ചയിലായി. മഴ പെയ്താൽ തൊട്ടടുത്ത വയലിൽ വെള്ളം ഉയരുമ്പോൾ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായി. ദിവസങ്ങളോളം വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ടായി. ഇതിന് പരിഹാരം കാണാനാണ് പുതുക്കുടി റോഡ് പുനരുദ്ധാരണത്തിനും അഴുക്കുചാൽ നിർമാണത്തിനും നാല് ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയതെന്ന് നഗരസഭ എൻജിനീയർ പി. സതീഷ്കുമാർ പറഞ്ഞു.
ഡ്രൈനേജ് നിർമിക്കുന്നത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മലിനജലം ഒഴുക്കിവിടാനാണെന്ന് പുതുക്കുടി ഏരിയ റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു. സി.പി.എമ്മും പരാതിയുമായി രംഗത്തെത്തിയതോടെ നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ചു. ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല. ഇതോടെയാണ് പ്രവൃത്തി നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.