മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ മരിച്ചത് അടുക്കളയിലെ അമിതമായ ചൂട് കാരണമുണ്ടായ ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാന്റീനിൽ പൊറോട്ട തയാറാക്കിയിരുന്ന വഴിക്കടവ് മണിമൂളി സ്വദേശി നഈമുദ്ദീനാണ് (48) ഏപ്രിൽ 18ന് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
കാന്റീൻ അടുക്കളയിലെ അമിതമായ ചൂടിൽ ശരീരം തളർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗം കാന്റീനിൽ പരിശോധന നടത്തി. കാന്റീനിൽ വായുസഞ്ചാരം കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തി. അടുക്കളയുടെ മേൽക്കൂരക്ക് മതിയായ ഉയരമില്ല.
50 ഡിഗ്രി ചൂട് വരെ അടുക്കളയിൽ അനുഭവപ്പെടുന്നുണ്ട്. അടുക്കളയിൽനിന്ന് ചൂടും പുകയും പുറത്തേക്ക് പോകുന്നതിന് മതിയായ സൗകര്യമില്ല. രണ്ട് മണിക്കൂർ തുടർച്ചയായി അടുക്കളയിൽ നിന്നാൽ തളർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. അടുക്കളയിലെ ചൂട് പുറന്തള്ളാനുള്ള സംവിധാനം ഒരുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദേശിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കൈമാറി. നഈമുദ്ദീൻ ഒരു ദിവസം മാത്രമാണ് ആശുപത്രിയിലെ കാന്റീനിൽ ജോലി ചെയ്തത്. രാവിലെ ആറിന് ജോലി തുടങ്ങി ഉച്ചക്ക് 12ന് വിശ്രമിക്കാൻ മുറിയിലേക്ക് പോകുന്നതിനിടെ കാന്റീനിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.