മഞ്ചേരി: ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന് സ്ഥലം മാറ്റിയ ഡോക്ടർമാർ അരീക്കോട്, കൊണ്ടോട്ടി താലൂക്കാശുപത്രികളിൽ ഉടൻ ജോലിയിൽ പ്രവേശിക്കും. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയെതുടർന്നാണിത്. സ്ഥലംമാറ്റം അംഗീകരിക്കണമെന്നും താലൂക്കാശുപത്രികളിൽ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ കെ.ജി.എം.ഒ.എ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ചുമതലയേറ്റ ശേഷം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്. ഇതോടെയാണ് ഒരു മാസത്തെ നിസഹകരണസമരവും കൂട്ട അവധിയും അവസാനിപ്പിച്ച് ഡോക്ടർമാർ ജോലിക്കെത്തുന്നത്.
സ്ഥലംമാറ്റത്തിനെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചിരുന്നു. നവകേരള സദസ്സിന് മുന്നോടിയായാണ് 12 ഡോക്ടർമാരെ മാറ്റിയത്. മഞ്ചേരി നഗരസഭയുടെ ആരോഗ്യപദ്ധതികളുടെ ചുമതലയുണ്ടായിരുന്ന ഡോക്ടറെയടക്കം മാറ്റിയതോടെ ചെയർപേഴ്സനുൾപ്പെടെ പ്രതിഷേധവുമായെത്തിയിരുന്നു. ഇതോടെ രണ്ട് ഡോക്ടർമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. 10 പേരുടെ സ്ഥലംമാറ്റ ഉത്തരവിൽ മാറ്റം ഉണ്ടായില്ല. ഇതിൽ രണ്ട് പേരൊഴികെയുള്ളവരാണ് അരീക്കോട്ടും കൊണ്ടോട്ടിയിലും ചുമതലയേൽക്കുക.
കൊണ്ടോട്ടിയിലേക്ക് നാല് ഡോക്ടർമാരെയാണ് മാറ്റിയത്. ഇതിൽ രണ്ട് പേർ അവധിയിൽ തുടരും. അരീക്കോട് ആശുപത്രിയിലേക്ക് മാറ്റിയ അഞ്ച് ഡോക്ടർമാരിൽ ഒരാൾ മെഡിക്കൽ അവധിയിലാണ്. ഒരാൾ ശബരിമല ഡ്യൂട്ടിയിലും. ബാക്കി മൂന്ന് പേർ ഉടൻ ചുമതലയേൽക്കും. സ്ഥലം മാറ്റിയ 10 പേർക്ക് പകരം ആരോഗ്യവകുപ്പിന് കീഴിൽ മഞ്ചേരി മെഡി. കോളജാശുപത്രിയിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡ്യൂട്ടി ഡോക്ടർമാരെ നിയോഗിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഒ.പി, ശസ്ത്രക്രിയ എന്നിവയ്ക്ക് തടസ്സമില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആശുപത്രിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചിരുന്നു. എമര്‍ജന്‍സി മെഡിസിന്, പി.എം.ആര്, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി വിഭാഗങ്ങളിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.