മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് ഫണ്ടില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. സർക്കാറിൽനിന്നും 25 കോടി രൂപയാണ് ആശുപത്രിക്ക് ലഭിക്കാനുള്ളത്. വെള്ളിയാഴ്ച അഡ്വ.യു.എ. ലത്തീഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. സർക്കാരിൽനിന്ന് കിട്ടാനുള്ള 25 കോടി രൂപയിൽ ഏഴ് കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ പൂട്ടേണ്ടി വരുമെന്ന് ആശുപത്രി വികസന സമിതി സർക്കാറിനെ അറിയിച്ചു. കാസ്പ് -18.53 കോടി, കെ.ബി.എഫ് -3.28 കോടി, ആരോഗ്യ കിരണം പദ്ധതി -ഒരു കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ഇതിൽ നാല് കോടിയോളം രൂപ കാർഡിയോളജി വിഭാഗത്തിലേക്ക് സ്റ്റെന്റ് വാങ്ങിയ ഇനത്തിലും രണ്ടര കോടിയോളം രൂപ ലാബ്, ഫാർമസി, എം.ആർ.ഐ സ്കാനിങ് നിരക്ക് ഇനത്തിലും നൽകാനുണ്ട്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും 38 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.
ആശുപത്രി അക്കൗണ്ടിൽ ആകെയുള്ളത് 19 ലക്ഷം രൂപയാണ്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് നിലവിലുള്ള പണം വിനിയോഗിക്കുന്നത്. കുടിശ്ശിക നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ വിതരണം നിർത്തുമെന്ന് ബന്ധപ്പെട്ട ഏജൻസികൾ ആശുപത്രി അധികൃതർക്ക് മുന്നറിയിപ്പ് നൽകി. മെഡിക്കൽ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വീണ്ടും സർക്കാറിനോട് ആവശ്യപ്പെടാൻ വികസന സമിതി തീരുമാനിച്ചു. ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ ജീവനക്കാരെ അനുവദിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രി വളപ്പിൽ സ്വകാര്യ ആംബുലൻസുകളുടെ പാർക്കിങ് ഒഴിവാക്കും. ഇവിടെ കൂട്ടിരിപ്പുകാരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്നതിൽ ക്രമീകരണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. സൗജന്യമായി യഥേഷ്ടം ലഭിക്കുന്ന ഭക്ഷണം ശുചിമുറിയിലെ ക്ലോസറ്റ്, ബക്കറ്റ് എന്നിവിടങ്ങളിൽ തള്ളുകയാണ്. എത്ര ഭക്ഷണപ്പൊതി വേണമെന്ന് ഡ്യൂട്ടി എം.ഒ അറിയിക്കുന്നതിന് അനുസരിച്ചായിരിക്കും ഇനി വിതരണം. കലക്ടർ വി.ആർ. വിനോദ്, നഗരസഭാധ്യക്ഷ വി.എം. സുബൈദ, പ്രിൻസിപ്പൽ ഡോ.എൻ. ഗീത, സൂപ്രണ്ട് ഷീന ലാൽ, എ.എസ്.പി പി.ബി. കിരൺ, വല്ലാഞ്ചിറ മുഹമ്മദലി, വി.എം. ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.