മഞ്ചേരി: ജില്ലയിൽ എക്സൈസ് വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് എൻസ്ഫോഴ്മെന്റ് പ്രവർത്തനത്തെ ബാധിക്കുന്നു. വിവിധ ഓഫിസുകളിലായി 250ൽ താഴെ ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത്. ഇതിൽ 11 പേർ തിരുവനന്തപുരത്ത് എക്സൈസ് കമീഷനറുടെ കാര്യാലയത്തിൽ സ്പെഷൽ ഡ്യൂട്ടിയിലാണ്. മുപ്പതോളം തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നു. മഞ്ചേരി റേഞ്ച് ഓഫിസിൽ 11 സിവിൽ എക്സൈസ് ഓഫിസർ തസ്തികയാണുള്ളത്. ഇതിൽ നാല് ഒഴിവുണ്ട്. മൂന്ന് പ്രിവന്റിവ് ഓഫിസർ തസ്കികയിൽ ഒരാൾ എൻ.ഡി.പി.എസ് കോടതി ഡ്യൂട്ടിയിലായിരിക്കും.
നാല് വനിത സിവിൽ എക്സൈസ് ഓഫിസർമാരിൽ മൂന്ന് പേരെയും പലപ്പോഴും ജില്ല ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയത്തിലേക്ക് സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. മറ്റൊരാളെ എടക്കര ജനമൈത്രി ഓഫിസിലേക്കും നിയോഗിച്ചിട്ടുണ്ട്. ഇതോടെ റേഞ്ച് ഓഫിസിലെ പ്രവർത്തനങ്ങളും താളം തെറ്റുന്നു. ഇതിന് പുറമെ ജീവനക്കാരെ ഡിവിഷൻ ഓഫിസിലേക്കും ഉത്തരവില്ലാതെ വാക്കാൽ നിർദേശത്തെ തുടർന്നും ജോലിക്ക് നിയോഗിക്കുന്നുണ്ട്.
റേഞ്ച് ഓഫിസിലെ ജീവനക്കാരെ മറ്റു ഓഫിസുകളിലേക്ക് സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ജീവനക്കാർക്കിടയിലും അതൃപ്തിക്കിടയാക്കുന്നു. ഏറനാട് താലൂക്കിന് കീഴിലെ മലപ്പുറം നഗരസഭ, ആനക്കയം, പൂക്കോട്ടൂർ പഞ്ചായത്തുകൾ ഒഴികെ മറ്റു തദ്ദേശസ്ഥാപനങ്ങളെല്ലാം മഞ്ചേരി റേഞ്ചിന് കീഴിലാണ്. കൊണ്ടോട്ടി താലൂക്കിലെ ചീക്കോട് പഞ്ചായത്തും റേഞ്ച് പരിധിയിൽ ഉൾപ്പെടും.
വലിയ പ്രദേശമായതിനാൽ ജീവക്കാരുടെ അഭാവം ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഓരോ മാസവും നിരവധി ലഹരിക്കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ജില്ലയിൽ ഒമ്പത് റേഞ്ച് ഓഫിസാണുള്ളത്. ഇതിൽ പലയിടത്തും നാല് മുതൽ അഞ്ച് വരെ ഒഴിവുകളുണ്ട്. ആറ് സർക്കിൾ ഓഫിസുകളിലും സ്ഥിതി സമാനമാണ്. വകുപ്പിലെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ എടുക്കുന്ന വിഷയത്തിലും അന്തിമ തീരുമാനം ആയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.