മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം എത്തിച്ചു. തിങ്കളാഴ്ച രാത്രിയാണ് റോഡ് മാർഗം ബംഗളൂരുവിൽനിന്ന് യന്ത്രം കൊണ്ടുവന്നത്.
അഞ്ചുകോടി രൂപയാണ് യന്ത്രത്തിന്റെ ചെലവ്. ട്രയൽ റൺ നടത്തി ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിച്ചാൽ സി.ടി സ്കാൻ പ്രവർത്തന സജ്ജമാകും. ഇതിന് മൂന്ന് ആഴ്ച കൂടി കാത്തിരിക്കേണ്ടി വരും.
ആരോഗ്യ മന്ത്രി അധ്യക്ഷയായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) നേതൃത്വത്തിലാണ് യന്ത്രം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് വർഷമായി തകരാറിലായി കിടക്കുന്ന സി.ടി സ്കാനിങ് യന്ത്രം മാറ്റി 16 സ്ലൈസ് മെഷീൻ സ്ഥാപിക്കാനുള്ള നടപടികൾക്കിടെയാണ് 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം വാങ്ങാനുള്ള തീരുമാനം കെ.എച്ച്.ആർ.ഡബ്ല്യു.എസ് കൈകൊണ്ടത്. കഴിഞ്ഞ 12 വർഷമായി ഒ.പി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന സ്കാനിങ് യൂനിറ്റാണ് ഇതോടെ പ്രവർത്തനം മുടങ്ങിയത്. 2010ലാണ് ഒരു കോടി രൂപയോളം ചെലവഴിച്ച് സ്കാനിങ് യന്ത്രം സ്ഥാപിച്ചത്. യന്ത്രത്തിന്റെ പ്രധാന ഭാഗമായ പിക്ചർ ട്യൂബ് തകരാറിലായതായിരുന്നു യന്ത്രം പണിമുടക്കാൻ കാരണം.
പുതിയ യന്ത്രം സ്ഥാപിക്കുന്നതിന് പകരം അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി ആലോചിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരാണ് അത്യാധുനിക സംവിധാനങ്ങളുള്ള സി.ടി സ്കാൻ യന്ത്രം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ആരോഗ്യ മന്ത്രിയുടെ ഇടപെടൽ കൂടിയായതോടെ ഇത് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അംഗീകരിക്കുകയായിരുന്നു. അതിവേഗം യന്ത്രം സ്ഥാപിച്ച് രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുമെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി പി.കെ. സുധീർ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.