മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ (കുഞ്ഞാൻ -57) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നെല്ലിക്കുത്ത് ഞാറ്റുപൊയിൽ ഷുഹൈബിനെ ( കൊച്ചു -29) ആക്രമിച്ച സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശികളായ ജംഷീർ, അബ്റാസ്, താനൂർ സ്വദേശികളായ തൗഫിഖ്, വാഹിദ്, ഫൗസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ 29ന് രാത്രി 12ന് നെല്ലിക്കുത്ത് സ്കൂളിനു സമീപം വെച്ചായിരുന്നു ഷുഹൈബിന് വെട്ടേറ്റത്. ഓട്ടോയിൽ മദ്യപിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. കേസിൽ 10 പ്രതികളാണുള്ളത്. മൂന്ന് പ്രതികളെ താനൂരിൽനിന്ന് രണ്ട് പേരെ മഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ഇവർ പിടിയിലാകുന്നത്. മഞ്ചേരി സ്വദേശികൾക്കെതിരെ ഗുഢാലോചനയും താനൂർ സ്വദേശികളായ പ്രതികൾക്കെതിരെ വധശ്രമത്തിനുമാണ് കേസ്. സ്റ്റേഷൻ ഹൗസ് ഓഫിസർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2022 മാർച്ച് 29ന് പയ്യനാട് താമരശ്ശേരിയിൽ വെച്ചായിരുന്നു തലാപ്പിൽ ജലീലിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കൗൺസിലർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.