മഞ്ചേരി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയത്തിൽ ഇരകൾക്ക് അതൃപ്തി. ഇത് ചൂണ്ടിക്കാട്ടി സമരപരിപാടികൾക്ക് നേതൃത്വം നൽകാനാണ് ഗ്രീൻഫീൽഡ് ഹൈവേ ജില്ല ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
അടിസ്ഥാന വില നിശ്ചയിക്കാതെ സമാശ്വാസ തുക ഉൾപ്പടുത്തി നഷ്ടപരിഹാര തുക പെരുപ്പിച്ച് കാണിച്ചാണ് ഭൂമിക്ക് ലഭിക്കുന്ന വില പരസ്യപ്പെടുത്തിയത്. പൊതുമരാമത്ത് റോഡിന് സമീപമുള്ള പുരയിടം വിഭാഗത്തിൽപെട്ട ഭൂമിക്കാണ് 4,92,057 രൂപ വരെ ലഭിക്കുന്നത്. ഇത് ഉയർത്തിക്കാട്ടി അധികൃതർ വൻതോതിൽ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് വരുത്തിതീർക്കുകയാണെന്നും ഇരകൾ പറഞ്ഞു.
പൊതുവാഹന ഗതാഗത സൗകര്യമില്ലാത്ത നിലം വിഭാഗത്തിൽപെട്ട ഭൂമിക്ക് ചില വില്ലേജുകളിൽ ന്യായവില പോലും ലഭിച്ചിട്ടില്ല. അരീക്കോട് വില്ലേജിൽ 31,680 രൂപയാണ് പൊതുവാഹന ഗതാഗത സൗകര്യമില്ലാത്ത നിലം വിഭാഗത്തിൽപെട്ട ഭൂമിയുടെ ന്യായവില. എന്നാൽ, അടിസ്ഥാന വില, ഗുണനഘടകം, സമാശ്വാസ പ്രതിഫലം, 3 എ വിജ്ഞാപന തീയതി മുതൽ അവാർഡ് തീയതി വരെയുള്ള വർധന എന്നിവ ഉൾപ്പെടെ ദേശീയപാത അതോറിറ്റി കണക്കാക്കിയത് 31,504 രൂപയാണ്. ഇത് പ്രകാരം അരീക്കോട് വില്ലേജിൽ നിലം വിഭാഗത്തിൽപെട്ട ഒരു സെന്റ് ഭൂമിക്ക് അടിസ്ഥാന വിലയായി ലഭിക്കുന്നത് 8500 രൂപ മാത്രമാണെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.