മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം 27ന് നടക്കും. യൂനിറ്റ് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.
ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി പ്രവൃത്തി ഉദ്ഘാടനം നടത്തും.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 58 ലക്ഷം രൂപ വിനിയോഗിച്ചാണ് യൂനിറ്റ് സ്ഥാപിക്കുന്നത്. ആശുപത്രിയിൽ നിർമിച്ച ഇന്റർവെൻഷൻ റേഡിയോളജി ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് ഇതിനായി ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നത്.
യൂനിറ്റ് ഇല്ലെങ്കിലും മെഡിക്കൽ കോളജിൽ എട്ട് ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു. മെഡിക്കൽ കോളജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോൾ ഇവിടെ ഡയാലിസിസ് നടത്തിയിരുന്ന രോഗികളെ തൊട്ടടുത്ത സി.എച്ച് സെന്ററിലേക്ക് മാറ്റിയിരുന്നു.
പിന്നീട് മെഡിക്കൽ കോളജിൽ ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചില്ല.
ആശുപത്രിയിൽ നിലവിലുള്ള ഡയാലിസിസ് യന്ത്രങ്ങളും എം.പി ഫണ്ടിൽനിന്ന് പുതുതായി വാങ്ങുന്നവയുമുൾപ്പെടെ പത്ത് യന്ത്രങ്ങളാണ് യൂനിറ്റിൽ ഉണ്ടാകുക.
ശീതീകരിച്ച ഹാളിൽ മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്.
ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള ക്യാബിനുകളും സജ്ജമാക്കും. നെഫ്രോളജി വിഭാഗത്തിലേക്കുള്ള ഡോക്ടറുടെ തസ്തികയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.