മഞ്ചേരി: സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന കോയമ്പത്തൂർ ലോബിയെ തമിഴ്നാട്ടിൽ പോയി പൂട്ടി എക്സൈസ്. കേരളത്തിലേക്ക് കടത്താനിരുന്ന 74 കിലോ കഞ്ചാവാണ് പിടികൂടിയത്.
കഴിഞ്ഞ 13ന് രാത്രി 10ന് കാറിൽ കടത്തുകയായിരുന്ന പത്തരക്കിലോ കഞ്ചാവുമായി ഒരു യുവതിയടക്കം മൂന്നുപേരെ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോ, എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് എന്നിവർ ചേർന്ന് പിടികൂടിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിലും എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് കടത്തുന്ന അക്ക എന്ന മുരുഗേശ്വരി (45), പരപ്പനങ്ങാടി ചെട്ടിപ്പടി അമീർ (36) എന്നിവരുടെ രഹസ്യകേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി അമീറിനെ മഞ്ചേരി സബ് ജയിലിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് കോയമ്പത്തൂരിലെ രണ്ട് സ്ഥലങ്ങളിലായി സൂക്ഷിച്ച 74 കഞ്ചാവും 37,000 രൂപയും കണ്ടെടുത്തത്. 'ഓപറേഷൻ അക്ക' പേരിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ചാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്. കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചും വിവരം ശേഖരിച്ചു.
ഇത് കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമീറും മുരുഗേശ്വരിയും രണ്ടുവർഷം മുമ്പ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷ്, റേഞ്ച് ഇൻസ്പെക്ടർ ജിനീഷ്, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, എക്സൈസ് കമീഷണർ ഉത്തര മേഖല സ്ക്വാഡ് അംഗം അസി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, ഐ.ബി പ്രിവൻറിവ് ഓഫിസർ വി.കെ. സൂരജ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ ആസിഫ് ഇഖ്ബാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ, സതീഷ്, സുബാഷ്, ഷബീറലി, ഷംനാസ്, നിമിഷ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.