ഇതര സംസ്ഥാനത്തുനിന്നും വരുന്ന ചരക്കുലോറികളിൽ നിന്ന് ചുമടിറക്കുന്ന തിരക്കിലാണ് മഞ്ചേരി മാർക്കറ്റിലെ തൊഴിലാളികൾ. ജോലി സമയത്തിനിടെയിൽ ലഭിക്കുന്ന വിശ്രമവേളകളിൽ വിവിധ വിഷയങ്ങൾ ചർച്ചയാകാറുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂട് രാജ്യം മുഴുവൻ അലയടിക്കുന്ന വേളയിൽ തിരക്കൊഴിയാത്ത ഡെയ്ലി മാർക്കറ്റിലും സ്ഥിതി വ്യത്യസ്തമല്ല. ദേശീയ, സംസ്ഥാന രാഷ്ട്രീയവും വിജയ സാധ്യതകളും തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെയും കുറിച്ചുള്ള സംസാരം മാർക്കറ്റിന്റെ ചെറിയ കോണുകളിൽ നിന്നുപോലും ഉയർന്ന് കേൾക്കാം. പൊള്ളുന്ന വേനലിലെ കത്തുന്ന വെയിലിലും അതി ശൈത്യകാലത്തെ മരം കോച്ചുന്ന തണുപ്പിലും പകലന്തിയോളം പണിയെടുക്കുന്ന ഇവർക്കും കൃത്യമായ രാഷ്ട്രീയ നയങ്ങളും നിലപാടുകളുമുണ്ട്. രാജ്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചിന്തകളും അഭിപ്രായങ്ങളും ആശങ്കകളും ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് മഞ്ചേരിയിലെ ഈ ചുമട്ടുതൊഴിലാളികൾ.
‘തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാവണം’
അധികാരത്തിലെത്തുന്നവർ തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ പരിഹരിക്കുന്നവരുമാവണം. രാജ്യം ഭരിക്കുന്ന ഭരണകൂടം പൊതുമേഖല സ്ഥാപനങ്ങളെ കോർപറേറ്റ് ശക്തികൾക്ക് തീറെഴുതി നൽകാനുള്ള ശ്രമത്തിലാണ്. കോർപറേറ്റ് ശക്തികളും ഏകാധിപത്യ ഭരണാധികാരികളും ചേർന്ന് നടത്തുന്ന ഇത്തരം ശ്രമങ്ങൾ ഇനിയും തുടരാൻ അനുവദിച്ചുകൂടാ. രാജ്യത്തിന്റെ വികസനവും പുരോഗതിയും ഐക്യവും തിരിച്ചുപിടിക്കാൻ ലഭിക്കുന്ന ഈ അവസരം തൊഴിലാളിപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിന്ന് ഏവരും ഒരുപോലെ വിനിയോഗിക്കണമെന്നാണ് സി.ഐ.ടി.യുക്കാരനായ ഷൈജുവിന് പറയാനുള്ളത്.
‘തൊഴിലാളി നേതാവ് ഇ.ടി ജയിക്കും’
മലപ്പുറം ജില്ലയുടെ മനസ്സ് എന്നും ഐക്യജനാധിപത്യ മുന്നണിക്കൊപ്പമാണ്. തൊഴിലാളി സംഘടനയിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങിയ ഇ.ടി. മുഹമ്മദ് ബഷീർ തന്നെ പാർലമെന്റിലെത്തണമെന്നാണ് മുസ്ലിം ലീഗ് തൊഴിലാളി യൂനിയൻ എസ്.ടി.യു അംഗമായ ഹുസൈൻ പറയുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഇ.ടിക്ക് കഴിയും. കേരളത്തിൽ മുഴുവൻ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥികളും വമ്പിച്ച ഭൂരിപക്ഷം നേടുമെന്നുമാണ് ഹുസൈൻ പറയുന്നത്.
‘രാഹുലിന് കരുത്തു പകരേണ്ടത് പൗരന്റെ കടമ’
ഇന്ത്യയുടെ ആത്മാവ് കോൺഗ്രസിനൊപ്പമാണ്. രാജ്യത്തെ കെട്ടിപ്പടുക്കാൻ കോൺഗ്രസ് ചെയ്ത പ്രവർത്തനങ്ങൾ വളരെ വലുതായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നേടിയ പുരോഗതികൾ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. സങ്കീർണവും ആശങ്കയും നിറഞ്ഞ ഈ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ശക്തി പകരേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണെന്നും ഇന്ത്യയിൽ മതേതര സർക്കാർ ഉയർന്ന് വരണമെന്നുമാണ് മഞ്ചേരി പുല്ലൂരുകാരൻ നിസാറിന്റെ അഭിപ്രായം.
‘ഇൻഡ്യ മുന്നണി അധികാരത്തിൽ വരണം’
വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ രാജ്യം. പുതിയ കാലത്തെ ഭരണകൂടം വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ മതേതര ചേരിയിൽ ചേർന്നുനിന്ന് ബഹുസ്വരതയെ ഉയർത്തിപിടിക്കാൻ നമുക്ക് കഴിയണം. ഇന്ത്യയുടെ ഭരണഘടനയും ഈ രാജ്യം ഈ കാലമത്രയും നേടിയെടുത്ത നേട്ടങ്ങളെയും നിലനിർത്തുന്നതിന് മറ്റു വിയോജിപ്പുകൾ മാറ്റി നിർത്തി ഇൻഡ്യ മുന്നണിയാണ് അധികാരത്തിലെത്തേണ്ടതെന്നാണ് സഈദ് പറഞ്ഞ് വെക്കുന്നത്.
‘മതേതരത്വം ശക്തിപ്പെടുത്തണം’
10 വർഷമായി രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്ന വിഭാഗീയതയും വർഗീയതയും അവസാനിപ്പിക്കാനും മതേതരത്വം ശക്തിപ്പെടുത്താനുമുള്ള സുവർണാവസരവുമാണ് ഈ തെരഞ്ഞെടുപ്പെന്നാണ് ഐ.എൻ.ടി.സി.യു ക്കാരനായ മുഹമ്മദ് റാഫിയുടെ പക്ഷം. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമാണ് നിലവിൽ വരേണ്ടത്. ഇന്ത്യൻ ജനതയും ആഗ്രഹിക്കുന്ന മതേതരത്വം ശക്തിപ്പെടുത്താനും വർഗീയ ശക്തികളെ പരാജയപ്പെടുത്താനും ഇൻഡ്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നും റാഫി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.