മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ നിർമിക്കുന്ന പ്രത്യേക ശ്മശാനം (ബറിയൽ ഗ്രൗണ്ട്) നവംബറിൽ നിർമാണം തുടങ്ങും. കാസർകോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് കരാർ എടുത്തത്. ഒരു വർഷമാണ് നിർമാണ കാലാവധി. കമ്പനി പ്രതിനിധികൾ കഴിഞ്ഞദിവസം കോളജിലെത്തി പ്രിൻസിപ്പൽ കെ.കെ. അനിൽരാജുമായി കൂടിക്കാഴ്ച നടത്തി. ഒരു കോടി രൂപക്കാണ് ടെൻഡർ നൽകിയത്. ബറിയൽ ഗ്രൗണ്ടിന് പുറമെ, അക്കാദമിക് ബ്ലോക്ക് പെയിന്റിങ്, എംബാമിങ് മുറി നവീകരണം തുടങ്ങിയ പ്രവൃത്തികളും നടക്കും.
രണ്ടുവർഷം മുമ്പ് അനാട്ടമി വിഭാഗം മേധാവി ഡോ. കെ.കെ. ഉഷ തയാറാക്കി സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെയാണ് പ്രത്യേക ശ്മശാനത്തിന് വഴിയൊരുങ്ങിയത്. അക്കാദമിക് കെട്ടിടത്തിനു പുറകിലെ 10 സെന്റ് ഭൂമിയിലാണ് ശ്മശാനം ഒരുക്കുക. വിദ്യാർഥികൾ പഠനത്തിനുഉപയോഗിക്കുന്ന മൃതശരീരഭാഗങ്ങൾ കാലാവധി കഴിഞ്ഞാൽ സംസ്കരിക്കുന്നതിന് വേണ്ടിയാണ് കാമ്പസിനകത്ത് പുതിയ ശ്മശാനം ഒരുക്കുന്നത്.
സ്ഥലത്തിന്റെ അതിർത്തി നിർണയം പൂർത്തിയായാൽ നിർമാണം തുടങ്ങും. മൃതശരീര ഭാഗങ്ങൾ മണ്ണോടു ചേർന്നുകഴിഞ്ഞാൽ അസ്ഥികൂടങ്ങൾ തിരിച്ചെടുത്ത് വീണ്ടും പഠനത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ശാസ്ത്രീയമായിട്ടാണ് സംസ്ക്കരിക്കുക. നിലം കോൺക്രീറ്റ് ചെയ്താകും ശ്മശാനം പണിയുക. മൃതദേഹം അടക്കം ചെയ്യാൻ പ്രത്യേക അറകൾ നിർമിക്കും. ഇതിൽ മണൽ നിറച്ച് അഴുകാനുള്ള കെമിക്കലുകളും മറ്റും ചേർത്ത് എല്ലുകൾ തിരിച്ചെടുക്കാൻ പാകത്തിൽ ശാസ്ത്രീയമായി അടക്കം ചെയ്യും.
വെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഊർന്നിറങ്ങുന്നതിനുള്ള സാധ്യത ഇല്ലാതാക്കും. തെരുവുനായ്ക്കളും പക്ഷികളും അകത്തുകയറാതിരിക്കാൻ ചുറ്റുമതിലും മുകളിൽ ഇരുമ്പുവലയുമിട്ട് സുരക്ഷിതമാക്കും.
അനാട്ടമി വിഭാഗത്തിൽ പഠനത്തിനുഉപയോഗിക്കുന്ന ശരീരഭാഗങ്ങൾ കാലാവധി കഴിഞ്ഞാൽ ശാസ്ത്രീയമായി സംസ്കരിക്കാൻ നിലവിൽ സംവിധാനമില്ല. എംബാം ചെയ്ത് സൂക്ഷിക്കുകയും അഴുകിയ ശരീരഭാഗങ്ങൾ കുഴിച്ചിടുകയുമാണ് ചെയ്യുന്നത്. വിദ്യാർഥികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇവർക്കു പഠിക്കാൻ കൂടുതൽ മൃതദേഹങ്ങൾ ആവശ്യമായിവരും. മരണശേഷം ശരീരം മെഡിക്കൽ കോളജുകളിലേക്ക് ദാനം ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ മഞ്ചേരി മെഡിക്കൽ കൊളജിലേക്ക് കൈമാറുന്ന മൃതദേഹങ്ങളുടെ എണ്ണം കുറവാണ്.
നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശപ്രകാരം ഓരോവർഷവും നിശ്ചിത മൃതദേഹങ്ങൾ വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലഭ്യമാക്കണം. നിലവിൽ പഠനത്തിന് ആവശ്യമായത്ര ശരീരഭാഗങ്ങൾ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിൽ ഇല്ല. പലപ്പോഴും തൃശൂരിൽനിന്നും കോഴിക്കോട്ടുനിന്നും മൃതദേഹങ്ങൾ വരുത്തിയാണ് ഉപയോഗിക്കുന്നത്. മനുഷ്യശരീരത്തിലെ 206 അസ്ഥികൾ പഠനവിധേയമാക്കുന്നുണ്ട്. പരിമിതമായ എല്ലുകൾ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളജ് പഠനവിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.