മഞ്ചേരി: അപകടാവസ്ഥയിലുളള പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് വീണ്ടും കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു അപകടം. ഇതുവഴി നടന്നുപോകുകയായിരുന്ന 65കാരന്‍റെ അരികിലാണ് ഇത് പതിച്ചത്. നേരത്തേയും ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ തകർന്നുവീണിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പൊളിഞ്ഞുവീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. അപകടാവസ്ഥയിലായ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ ഇഴയുന്ന അവസ്ഥയാണ്.
കെട്ടിടം പൊളിക്കാൻ ഫണ്ടും മാറ്റിവെച്ചിരുന്നെങ്കിലും ഇതിന് സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. കെട്ടിടം പൊളിച്ചുമാറ്റി ബസ്ബേയും അഞ്ച് നിലയിലുള്ള കെട്ടിട സമുച്ചയവും നിർമിക്കാനാണ് തീരുമാനം. നിലവിൽ ബസ് ബേ ആയി മാത്രം പ്രവർത്തിക്കുന്നതിനാൽ ബസ് ട്രാക്കുകൾ മുഴുവൻ തെരുവുകച്ചവടക്കാർ കൈയേറിയിരിക്കുകയാണ്.
ഇതിന് പുറമെ 58 വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് നഗരസഭ ലൈസൻസ് പുതുക്കി നൽകുന്നില്ല. കഴിഞ്ഞ മാസമാണ് കെട്ടിടം പൊളിക്കാൻ അനുമതി തേടി നഗരസഭ അപേക്ഷ നൽകിയത്.
ഒരാഴ്ചക്കകം സാങ്കേതിക അനുമതി ലഭ്യമാകുമെന്ന് നഗരസഭ എൻജിനീയർ പി. സതീഷ്കുമാർ പറഞ്ഞു. ഇതിനു ശേഷം കെട്ടിടം പൊളിക്കാൻ ടെൻഡർ ക്ഷണിക്കും. ആദ്യഘട്ടത്തിൽ ബസുകൾ നിർത്തിയിടുന്ന ഭാഗം പൊളിക്കും. കെട്ടിടത്തിൽ നിന്ന് വ്യാപാരികൾ ഒഴിയാൻ വിസമ്മതിച്ചാൽ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടറെ സമീപിക്കാനാണ് നഗരസഭയുടെ തീരുമാനം.
കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച എം.എൽ.എയുടെ നേതൃത്വത്തിൽ പലതവണ വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. നിലവിൽ നഗരസഭ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം നിർമിക്കുന്ന ഘട്ടത്തിൽ നഗരസഭ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. പഴയ സ്റ്റാൻഡിന്‍റെ ഒരു ഭാഗം പുനർനിർമിച്ച് അതിലേക്ക് വ്യാപാരികളെ മാറ്റിയ ശേഷം മറ്റു ഭാഗങ്ങൾ പൊളിച്ചാൽ മതിയെന്ന നിലപാടാണ് വ്യാപാരികൾക്കുള്ളത്. പ്രശ്നം ഇനിയും കോടതി കയറിയാൽ പൊളിക്കുന്ന നടപടി നീണ്ടുപോകുന്നതിനൊപ്പം യാത്രക്കാർക്കും കെട്ടിടം ഭീഷണിയായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.