മഞ്ചേരി: നഗരത്തിലെ പ്രധാന റോഡായ നിലമ്പൂർ റോഡ് തകർന്നുകിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്താണ് നിരവധി കുഴികൾ രൂപപ്പെട്ടത്. കുഴികളിൽ ചാടി വാഹനങ്ങൾ പതുക്കെ കടന്നുപോകുന്നതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. മേലാക്കത്തും മാനു ആശുപത്രിക്ക് സമീപത്തുമായി വലിയ കുഴികളാണുള്ളത്. കഴിഞ്ഞ ദിവസം നാട്ടുകാർ ഇടപെട്ട് ക്വാറി അവശിഷ്ടങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി അടച്ചെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല.
ശക്തമായ മഴയിൽ റോഡ് വീണ്ടും പഴയപടിയായി. കുഴികളിൽ ചാടി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതായി പ്രദേശത്തെ കച്ചവടക്കാർ പറയുന്നു. രാത്രിയാണ് കൂടുതലായും അപകടങ്ങൾ സംഭവിക്കുന്നത്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. മൂന്നുവർഷം മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ റോഡ് കീറിയതോടെയാണ് നിലമ്പൂർ റോഡ് തകർന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ പിന്നീട് ഈ ഭാഗം മാത്രം അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുരുക്കിന് പരിഹാരമായില്ല. പരപ്പനങ്ങാടി- നാടുകാണി പാത നവീകരണം പാതിവഴിയിൽ നിലച്ചതും മഞ്ചേരിക്ക് തിരിച്ചടിയായി. മാനു ആശുപത്രിക്ക് സമീപം പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. പൈപ്പ് മാറ്റുന്നത് പൂർത്തിയാവാത്തതിനാൽ നിലവിൽ പഴയ ലൈനിലൂടെ തന്നെയാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതാണ് ഇടക്കിടക്ക് പൈപ്പ് പൊട്ടാൻ കാരണം. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റാൻ കിഫ്ബിയിൽ 16 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, വർഷം മൂന്ന് പിന്നിട്ടിട്ടും പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്ക് ലഭിച്ചിട്ടില്ല.
പലതവണ പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നെങ്കിലും പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. റോഡിന്റെയും മറ്റു വികസന പ്രവർത്തനങ്ങളിലും മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രത്യക്ഷ സമരം നടത്തുമെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഈ റൂട്ടിലൂടെയുള്ള ബസ് സർവിസ് നിർത്തിവെക്കുമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ചേരി: നിലമ്പൂർ റോഡിന്റെ തകർച്ചയിൽ ഓട്ടോ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം. ഐ.എൻ.ടി.യു.സി, കെ.ടി.യു.സി ജേക്കബ് ഓട്ടോ തൊഴിലാളി യൂനിയൻ സംയുക്തമായി കച്ചേരിപ്പടിയിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിൽ റീത്ത് വെച്ചാണ് പ്രതിഷേധിച്ചത്. ഐ.എൻ.ടി.യു.സി മഞ്ചേരി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പത്തിരിയാൽ ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സി ജേക്കബ് ഒട്ടോ തൊഴിലാളി യൂനിയൻ മഞ്ചേരി മണ്ഡലം പ്രസിഡന്റ് പി.സി. ഷബീർ അധ്യക്ഷത വഹിച്ചു. അക്ബർ മീനായി, ദാസൻ തൃക്കലങ്ങോട്, റാഷിദ് ചെറുവണ്ണൂർ, ബിനോയ് പയ്യനാട്, ബഷീർ പുല്ലൂർ, സുനിൽ ജേക്കബ്, മുഹമ്മദ് പട്ടർകുളം, ഷറഫു ചോഴിയത്ത്, സാലിൻ വല്ലാഞ്ചിറ, നാസർ പുല്ലാര, സി. രാജൻ, ഫസൽ മുടിക്കോട്, പ്രദീപ് കളത്തുംപടി, ബഷീർ പാണ്ടിക്കാട്, സുജീഷ് കുട്ടിപ്പാറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.