മഞ്ചേരി: സ്റ്റെതസ്കോപ് കഴുത്തിലിട്ട് വീട്ടിലേക്കു കയറാനായിരുന്നു കിഴക്കേത്തല ഓവുങ്ങൽ വീട്ടിൽ ഫാത്തിമ തസ്കിയയുടെ ആഗ്രഹം. ഡോക്ടറാകണമെന്ന മോഹം സഫലമാക്കാനാവാതെ, അവളുടെ മൃതദേഹം വീട്ടിലേക്കെത്തിയപ്പോൾ കണ്ടുനിന്നവരുടെ ഉള്ളം പിടഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുമായി പലരും അവസാന നോക്ക് കാണാനെത്തി. ചെറുപ്പംതൊട്ടേ പഠിക്കാൻ മിടുക്കിയായിരുന്നു തസ്കിയ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷയിലെല്ലാം ഉന്നത വിജയം നേടി. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഡോക്ടറാകണമെന്ന മോഹമുദിച്ചത്.
പിന്നെ ആ ലക്ഷ്യത്തിലേക്കായി ഓരോ ചുവടും. പാതിവഴിയിൽ പലതവണ വീണെങ്കിലും വിജയംനേടാതെ പിന്തിരിയില്ലെന്ന അവളുടെ ആത്മവിശ്വാസം കരുത്തായി. കോഴിക്കോട് മെഡിക്കൽ കോളജിൽതന്നെ എം.ബി.ബി.എസിന് പ്രവേശനം നേടിയതും ആ കരുത്തിന്റെ ബലത്തിലാണ്. ആദ്യ തവണ ഹൈദരാബാദിൽ പ്രവേശനം ലഭിച്ചിരുന്നെങ്കിലും നാട്ടിൽ നിന്നുതന്നെ പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം.
അതിന് കുടുംബവും പൂർണ പിന്തുണ നൽകി. പരിശ്രമങ്ങൾക്കിടയിൽ രോഗവും മറ്റും തടസ്സങ്ങൾ സൃഷ്ടിച്ചപ്പോൾ വിട്ടുകൊടുക്കാൻ തസ്കിയ തയാറായിരുന്നില്ല. നീറ്റ് പരീക്ഷയിൽ ആദ്യതവണ പരാജയം ഏറ്റുവാങ്ങിയപ്പോൾ കളിയാക്കിയവർക്കു മുന്നിൽ പിന്നീട് റാങ്കുമായി അവൾ തലയുയർത്തി നിന്നു. ലോകത്തിന്റെ ഏതു കോണിൽനിന്നാണെങ്കിലും ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കണമെന്ന ആഗ്രഹത്തോടെയാണ് തസ്കിയ ഡോക്ടറാകാൻ തീരുമാനിച്ചത്. പക്ഷേ, ആഗ്രഹപൂർത്തീകരണത്തിന് കാത്തുനിൽക്കാത അവൾ മറ്റൊരു ലോകത്തേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.