മഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യചികിത്സക്കായി പണം സമാഹരിക്കുന്നതിന് നടത്തിയ ബിരിയാണി ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തു. മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഇലു-തണൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പച്ചക്കറിയും പലചരക്ക് സാധനങ്ങളും സ്പോൺസർമാരിലൂടെ കണ്ടെത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യ ചികിത്സക്കായി 15 ക്വിൻറൽ അരി ബിരിയാണി വിളമ്പി. പതിനായിരത്തിലേറെ കുടുംബങ്ങളിലേക്കാണ് വളൻറിയർമാർ ബിരിയാണിപ്പൊതികൾ എത്തിച്ചത്.
ഫാമിലി പാക്കിന് 600 രൂപയും ഒരാൾക്കുള്ള ബിരിയാണിക്ക് 100 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. മഞ്ചേരിയിൽനിന്ന് അരീക്കോട്, എടവണ്ണ, പാണ്ടിക്കാട്, മലപ്പുറം, വള്ളുവമ്പ്രം ഭാഗങ്ങളിലേക്കെല്ലാം ബിരിയാണി എത്തിച്ചു. അഞ്ച് ലക്ഷത്തോളം രൂപയാണ് ചലഞ്ചിലൂടെ ലഭിച്ചത്. അഞ്ചുവയസ്സിന് താഴെയുള്ള ഭിന്നശേഷിക്കാർക്കാണ് ഇലു - തണൽ കൂട്ടായ്മ അഞ്ച് വിഭാഗങ്ങളിലെ തെറപി ഉൾപ്പെടെ സൗജന്യമായി നൽകുന്നത്. പണം നൽകിയാൽ പോലും ജില്ലയിൽ ലഭ്യമാകാത്ത ചികിത്സ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്. നൂറിലേറെ കുട്ടികൾ സൗജന്യ ചികിത്സക്കായി അപേക്ഷ നൽകിയിട്ടുണ്ട്.
നിലവിൽ 60 കുട്ടികളെയാണ് പരിഗണിച്ചത്. ഇവർക്ക് വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. കെട്ടിട വാടകയും ജീവനക്കാരുടെ വേതനവും ഉൾപ്പെടെ മാസത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപയാണ് ഈ കാരുണ്യ കേന്ദ്രത്തിന് ചെലവ് വരുന്നത്. ഡോ. റഫീഖ് അലി, ഹാപ്പി നാസർ, കൊടവണ്ടി ഹമീദ്, മുഹമ്മദ് റൂബി, എ.കെ. ഫിറോസ്, ഇ.എം. നിഷാദ്, മുഷ്താഖ് അലി, മുഹമ്മദ് ഇസ്മായിൽ, അജിത്ത് കൈനിക്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.