മഞ്ചേരി: എക്സൈസ് വകുപ്പിന് സർക്കിൾ, റേഞ്ച് ഓഫിസ് സമുച്ചയം നിർമിക്കുന്നതിന് അനുവദിച്ച ഭൂമി റവന്യൂ വകുപ്പ് തിരിച്ചെടുക്കുന്നു. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും കെട്ടിടം സ്ഥാപിക്കാൻ എക്സൈസ് വകുപ്പ് നീക്കം നടത്താത്തതിനെ തുടർന്നാണിത്. മഞ്ചേരി കച്ചേരിപ്പടി ഇന്ദിര ഗാന്ധി ബസ് ടെർമിനലിലും മേലാക്കത്തെ വാടകക്കെട്ടിടത്തിലുമായാണ് സർക്കിൾ, റേഞ്ച് ഓഫിസുകൾ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഓഫിസുകൾക്ക് സ്വന്തം കെട്ടിടം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഇതിന് മലപ്പുറം റോഡിൽ കോഓപറേറ്റിവ് കോളജിനുസമീപം റവന്യൂ വകുപ്പിന്‍റെ 30 സെന്‍റിൽ 15 സെന്‍റ് എക്സൈസ് വകുപ്പിന് കെട്ടിടം നിർമിക്കാൻ കൈമാറിയിരുന്നു.
കൈവശാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമായിരുന്നു. ആറുവർഷം മുമ്പ് എക്സൈസ് വകുപ്പ് നാല് കോടിയുടെ പദ്ധതി തയാറാക്കുകയും പ്രാരംഭ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഫണ്ട് ലഭിക്കാത്തതിനാൽ നിശ്ചിത സമയ പരിധിക്കുള്ളിൽ സമുച്ചയം നിർമിക്കാനായില്ല. അടുത്തിടെ കോടതി ആവശ്യത്തിന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം ആരാഞ്ഞ് ജില്ല കോടതിയിൽനിന്ന് കലക്ടറോട് വിവരം തേടിയിരുന്നു. കലക്ടർ തഹസിൽദാറോട് റിപ്പോർട്ട് തേടുകയും ചെയ്തു. കോടതിക്ക് അടുത്തുതന്നെ സ്ഥലം കണ്ടെത്താനായിരുന്നു നിർദേശം.
ഇതോടെ എക്സൈസ് വകുപ്പ് കെട്ടിടം നിർമിക്കാത്ത ഈ സ്ഥലം വെറുതെ കിടക്കുന്നത് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടി. ഒരാഴ്ച മുമ്പ് ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ, കോർട്ട് മാനേജർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. റവന്യൂ വകുപ്പ് അനുമതി നൽകിയാൽ കോടതി സംബന്ധമായ കെട്ടിടം നിർമിക്കാൻ ഈ ഭൂമി കൈമാറിയേക്കും. അങ്ങനെ വന്നാൽ എക്സൈസ് വകുപ്പിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം തുലാസിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.