മേലാറ്റൂർ: കേന്ദ്ര സർക്കാറിന്റെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജലജീവൻ മിഷനിലുൾപ്പെടുത്തി എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. 30 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി. ടാങ്ക് നിർമിക്കുന്നതിന് 30 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങിനൽകിയിട്ടുണ്ട്. ചാലിയാർ പുഴയിൽനിന്നെടുക്കുന്ന വെള്ളം തുവ്വൂരിൽ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയിൽ എത്തിച്ചാണ് ഗ്രാമപഞ്ചായത്തിന്റെ ഏപ്പിക്കാടുള്ള ടാങ്കിലേക്ക് എത്തിക്കുക. ഇവിടെനിന്ന് ശുദ്ധജലം വീടുകളിലേക്ക് നൽകും.
ഒരുവർഷത്തിനകം പദ്ധതിയുടെ നിർവഹണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരള വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. പഞ്ചായത്തിലെ 7500 വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ 50 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും ഗ്രാമപഞ്ചായത്ത് 15 ശതമാനവും ഗുണഭോക്താക്കൾ 10 ശതമാനവും ചെലവ് വഹിക്കും. പദ്ധതിയുടെ പഞ്ചായത്ത് തല പ്രവൃത്തി ഉദ്ഘാടനം മൂനാടി വാർഡിൽ പ്രസിഡന്റ് കെ. കബീർ നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വലിയാട്ടിൽ സഫിയ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. ജോർജ്, അംഗങ്ങളായ നാസർ, പി.എം. രാജേഷ്, സി.കെ. ഹാജറ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ. റോബിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.