മേലാറ്റൂർ: റെയിൽവേ ഗേറ്റ് അങ്ങാടിയിലെ റോഡിൽ വാഹനങ്ങൾക്ക് ദുരിതമായി വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചൂണ്ടയിട്ട് പ്രതിഷേധിച്ച് കലാകാരൻ. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മിമിക്രി ആർട്ടിസ്റ്റും അഭിനേതാവുമായ ഉണ്ണി പെരിന്തൽമണ്ണ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങിയതോടെ നാട്ടുകാരും സഹകരിച്ച് രംഗത്തെത്തി. മഴ തുടങ്ങിയതു മുതൽ നാടിന് ശാപമായിരിക്കുകയാണ് ഈ റോഡ്. വെള്ളക്കെട്ടുമൂലം കച്ചവടക്കാരും വാഹനയാത്രക്കാരും കടുത്ത ദുരിതം നേരിടുകയാണ്. ഇരുചക്ര-മുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
പുലാമന്തോൾ-മേലാറ്റൂർ റോഡ് നവീകരണ പ്രവൃത്തിയുടെ കാരാറുകാർ പൊതുമരാമത്തു വകുപ്പിന്റെ നിർദേശപ്രകാരം ജൂൺ പകുതിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അഴുക്കുചാലുകൾ വൃത്തിയാക്കിയിരുന്നു. എന്നാൽ, വീണ്ടും പഴയപടിയായി. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയായ ഇതിലൂടെ ചരക്കുലോറികളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കോഴിക്കോട്-പാലക്കാട് ബൈപാസ് പാതയുമാണിത്. അഴുക്കുചാലിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് ദുരിതമാകുന്നത്. വിഷയത്തിൽ ഉടൻ പരിഹാരം കണ്ട് യാത്രദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.