മേലാറ്റൂർ: നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരണ ഭാഗമായി തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വരെയെത്തി. ഷൊർണൂർ മുതലാണ് കാലുകൾ സ്ഥാപിക്കൽ തുടങ്ങിയത്. ഷൊർണൂർ മുതൽ വല്ലപ്പുഴ വരെയും ചെറുകര മുതൽ അങ്ങാടിപ്പുറം വരെയും ലൈൻ വലിക്കുന്ന പ്രവൃത്തികളും പൂർത്തിയായി. ബാക്കി ഭാഗങ്ങളിൽ പ്രവൃത്തി നടന്നുവരുന്നു. നിലമ്പൂരിൽ നിന്ന് തിരിച്ചും വൈദ്യുതീകരണ പ്രവൃത്തി നടക്കുന്നുണ്ട്. ഇനിയും 80ഓളം ഫൗണ്ടേഷനുകൾ സ്ഥാപിക്കാനുണ്ട്. മേലാറ്റൂർ ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമാണ പ്രവൃത്തികളും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. സംരക്ഷണ ഭിത്തി നിർമാണമാണ് നടക്കുന്നത്. ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് മേലാറ്റൂർ ചോലക്കുളത്തെ 110 കെ.വി സബ് സ്റ്റേഷനിൽനിന്നാണ് വൈദ്യുതിയെത്തിക്കുന്നത്.
സബ്സ്റ്റേഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കേബിളുകൾ ഇടാൻ മണ്ണ് മാന്തി പൈപ്പുകൾ ഇട്ടു തുടങ്ങി. നിലമ്പൂരിൽനിന്ന് ഷൊർണൂർ വരെ ഏകദേശം 67 കിലോമീറ്റർ ദൂരത്തിലാണ് പാത വൈദ്യുതീകരിക്കുന്നത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെ ഏകദേശം 1200ന് അടുത്ത് വൈദ്യുതക്കാലുകൾ വേണം. വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കുന്നത്. 110 കോടിക്ക് മുകളിൽ ചെലവ് വരുന്ന റെയിൽപാത വൈദ്യുതികരണം 2024 മാർച്ചോടെ പൂർത്തികരിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.