മേലാറ്റൂർ: സഹപാഠിയുടെ രക്ഷിതാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ബിരിയാണി ചലഞ്ച് നടത്തി വിദ്യാർഥികൾ സ്വരൂപിച്ചത് 2,15,300 രൂപ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നേതൃത്വത്തിലാണ് മേലാറ്റൂർ ഉച്ചാരക്കടവിലെ പിലായിത്തൊടി അൻവറിന്റെ ചികിത്സക്ക് ബിരിയാണി ചലഞ്ച് നടത്തി പണം സമാഹരിച്ചത്. ചികിത്സ സഹായസമിതി അംഗങ്ങൾക്ക് സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ തുക കൈമാറി.
പ്രിൻസിപ്പൽ വി.വി. വിനോദ്, പി.ടി.എ പ്രസിഡന്റ് എം. സതീഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കവിത ബിജു, അധ്യാപകരായ എം.എൻ. അരുൺ, അനൂപ് മാത്യു, അബ്ദുള്ള, എൻ.എസ്.എസ് വളന്റിയർ പവിത്ര ബാലചന്ദ്രൻ, ചികിത്സ കമ്മിറ്റി ചെയർമാൻ കോയ ഒലിപ്പുഴ, അസ്കർ കെൽകോ എന്നിവർ സംസാരിച്ചു. സമീപമുള്ള സ്കൂളുകൾ, സ്ഥാപനങ്ങൾ, നാട്ടുകാർ, ആർ.എം.എച്ച്.എസ് സ്കൂൾ പി.ടി.എ, മാനേജ്മെന്റ്, അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എൻ.എസ്.എസ് യൂനിറ്റ് ബിരിയാണി ചലഞ്ച് നടത്തിയത്. 3000ഓളം ബിരിയാണി പൊതികളാണ് വിതരണം ചെയ്തത്. മേലാറ്റൂരിലും പരിസരത്തുമുള്ള വിദ്യാലയങ്ങൾ, വിവിധ വ്യാപാര സ്ഥാപനങ്ങൾ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ ഉൾപ്പെടെ ചലഞ്ചിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.