പെരിന്തൽമണ്ണ: വികസനവും വളർച്ചയും ചർച്ചയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനായി പെരിന്തൽമണ്ണയിലെത്തുമ്പോൾ അറിയണം, ഇവിടെ പൂർത്തിയാകാനുള്ള വിവിധ പദ്ധതികൾ
39 കോടി മതിപ്പ് ചെലവ് കണക്കാക്കി എസ്റ്റിമേറ്റിട്ട് ആരംഭിച്ചതാണ് പെരിന്തൽമണ്ണ നഗരത്തിലെ ഇൻഡോർ മാർക്കറ്റ്. നാലുനിലകളാൽ ആധുനികരീതിയിൽ കടമുറികളും ലിഫ്റ്റും കഫേകളും ഹാളുകളുമടക്കം രൂപകൽപന ചെയ്ത പദ്ധതി നിർമാണോദ്ഘാടനം 2019 ഫെബ്രുവരിയിൽ അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് നിർവഹിച്ചത്. നിർമാണ ചെലവിലേക്ക് 20 കോടിയോളം പൊതുജനങ്ങളിൽനിന്ന് മുൻകൂർ ലേലത്തിലൂടെ സ്വരൂപിച്ചു. ഒരു വർഷംകൊണ്ട് പൂർത്തിയാക്കി കെട്ടിടം കൈമാറുമെന്ന ഉറപ്പിൽ ലക്ഷങ്ങൾ മുടക്കിയവർക്ക് കെട്ടിടവുമില്ല, പണവുമില്ല.
നഗരസഭ രജതജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു കോടി ചെലവിൽ ആധുനിക ടൗൺ ഹാൾ പദ്ധതിക്ക് തുടക്കമിട്ടത് 2020 ആദ്യം.
മൂന്നു നിലകളിൽ 22, 714 ചതുരശ്രയടിയാണ് വലുപ്പം. ഗവ. അക്രഡിറ്റഡ് ഏജൻസിയായ എഫ്.എ.സി.ടി ആർ.സി.എഫിനാണ് നിർമാണച്ചുമതല. നാലുകോടിയുടെ നിർമാണം പൂർത്തിയാക്കി. പൂർത്തിയാക്കാൻ ഫണ്ടില്ലെന്ന് ഇപ്പോൾ പറയുന്നു.
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ പാടേ തകർന്നു കിടന്ന ഭാഗത്ത് 30 കി.മീ. റോഡ് പുനരുദ്ധാരണം പ്രവൃത്തി ഉദ്ഘാടനം മുൻ പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിതന്നെയാണ് 2020 സെപ്റ്റംബർ 29ന് നിർവഹിച്ചത്. കരാറുകാരൻ ഇട്ടെറിഞ്ഞ് പോയ പദ്ധതി പുതിയ നിർമാണ കമ്പനിയെ ഏൽപിച്ച് പൂർത്തിയാക്കാൻ ഒരു വർഷത്തോളമായി മുറവിളി ഉയർന്നതാണ്. ജനകീയ സമരങ്ങളെ തുടർന്ന് കരാറുകാരെ മാറ്റാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
അഞ്ചുകോടി ചെലവിൽ പെരിന്തൽമണ്ണ ചോലോംകുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്ത് ഗവ. ആയുർവേദ ആശുപത്രി ബ്ലോക്ക് നിർമാണം എങ്ങുമെത്തിയില്ല. ഇതിനും തടസ്സം ഫണ്ടിന്റെ അഭാവമാണ്. അഞ്ചു കോടി രൂപ ചെലവ് വരുന്നതിൽ 75 ലക്ഷം രൂപ ദേശീയ ആയുഷ് മിഷൻ വിഹിതമായും ബാക്കി നഗരസഭയും കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.