മലപ്പുറം: നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ ജില്ലയൊരുങ്ങി. 16 നിയോജക മണ്ഡലത്തിലും നടക്കുന്ന സദസ്സിന് ജില്ലയിൽ തിങ്കളാഴ്ച തുടക്കമാവും.
ഈ മാസം 30 വരെ നാല് ദിവസങ്ങളിലായാണ് നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളിലാണ് ജനങ്ങളുമായി ആശയവിനിമയം നടത്തുക.
27ന് തിരൂർ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് രാവിലെ 11ന് പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല സദസ്സ് നടക്കും. തവനൂർ (എടപ്പാൾ സഫാരി പാർക്ക്-വൈകീട്ട് മൂന്നിന്), തിരൂർ (ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ട്-4.30), താനൂർ (ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയം-6.00).
28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. തിരൂരങ്ങാടി (പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹ സ്മാരക സ്റ്റേഡിയം-3ന്), വേങ്ങര മണ്ഡലം (സബാഹ് സ്ക്വയർ-4.30), കോട്ടക്കൽ (ആയുർവേദ കോളജ് ഗ്രൗണ്ട്-6.00).
29ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ ഏഴ് മണ്ഡലങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രഭാതസദസ്സ് നടക്കും. കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മഞ്ചേരി (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്-3), മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്-4.30), മലപ്പുറം (എം.എസ്.പി എൽ.പി സ്കൂൾ ഗ്രൗണ്ട്-6.00).
നവംബർ 30ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വൈകീട്ട് മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകീട്ട് 4.30ന് വി.എം.സി ഹൈസ്കൂൾ ഗ്രൗണ്ടിലും, പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകീട്ട് ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും.
നവകേരള സദസ്സിൽ പരാതികൾ സ്വീകരിക്കാൻ വിപുല സൗകര്യങ്ങൾ ഏർപ്പെടുത്തും. 20 കൗണ്ടറുകളാണ് ഓരോ സദസ്സിലും ഒരുക്കുന്നത്. 15 ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രണ്ട് വീതം കൗണ്ടറുകളും ഭിന്നശേഷിക്കാർക്ക് ഒരുകൗണ്ടറും വീതമാണ് സജ്ജീകരിക്കുക. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങുകയും അവസാന പരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കൂ. പരാതി നൽകുന്നവർ പൂർണ വിലാസം, ഫോൺ നമ്പർ എന്നിവ നൽകണം. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in വൈബ്സൈറ്റിലൂടെ ലഭിക്കും.
ജില്ലയുടെ വികസനപ്രശ്നങ്ങളും അവക്കുള്ള നിർദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും ചർച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത-സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നേതാക്കളുമാണ് പങ്കെടുക്കുക. ഇവരുമായി സംവദിക്കുകയും അതുവഴി സർക്കാറിന്റെ വികസന നയ രൂപവത്കരണത്തിലേക്ക് വിവിധ തുറകളിൽനിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുകയുമാണ് ലക്ഷ്യം.
നവകേരള സദസ്സ് വേദികളിലും പരിസരങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് കലക്ടർ വി.ആർ. വിനോദ് അറിയിച്ചു. പരിപാടികൾക്ക് ശേഷം വേദികൾ മാലിന്യമുക്തമാക്കണം. വേദികളിൽ മാലിന്യ സംസ്കരണോപാധികളുടെ പ്രദർശനം സംഘടിപ്പിക്കണമെന്നും ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിന് പ്രത്യേകം ചവറ്റുകൊട്ടകളും ഏർപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.