അബി​ഗേൽ സാറയെ കണ്ടെത്തിയത് ആശ്വാസം; മലപ്പുറത്ത് ആദ്യദിനം 14,775 നിവേദനങ്ങൾ ലഭിച്ചു, മറ്റെല്ലാ ഭേദചിന്തകളും മാറ്റിവെച്ച് ജനം ഒഴുകിയെത്തുന്നുവെന്ന് മുഖ്യമ​ന്ത്രി

കൊല്ലം ഓയൂരിൽ കാണാതായ ആറു വയസുകാരി അബി​ഗേൽ സാറയെക്കുറിച്ചുള്ള ഉൽകണ്ഠയായിരുന്നു കഴിഞ്ഞ കുറെ മണിക്കൂറുകളിലെന്നു​ം കണ്ടെത്തിയത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് ആദ്യദിനം 14775 നിവേദനങ്ങൾ ലഭിച്ചു. മറ്റെല്ലാ ഭേദചിന്തകളും മാറ്റിവെച്ച് ജനം ഒഴുകിയെത്തുന്നുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പത്ര കുറിപ്പിൽ അറിയിച്ചു.

കുറിപ്പ് പൂർണ രൂപത്തിൽ:

കൊല്ലം ഓയൂരിൽ കാണാതായ ആറു വയസുകാരി അബി​ഗേൽ സാറയെക്കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു കഴിഞ്ഞ കുറെ മണിക്കൂറുകളിൽ. നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ രാണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചത് വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പലത്ത് ചേർന്ന ഗംഭീര സമ്മേളനത്തോടെയാണ്. അതിനു മുൻപ് തിരൂരിൽ മന്ത്രി വി അബ്ദുറഹിമാന്റെ വസതിയിൽ മന്ത്രിസഭാ യോഗം ചേർന്നു. അബി​ഗേൽ സാറയെയെപ്പറ്റിയുള്ള ആശങ്കയും കുഞ്ഞിനെ കണ്ടെത്താനുള്ള തീവ്രമായ ആഗ്രഹവുമാണ് ഇതിനിടയിൽ സംസാരിച്ച എല്ലാവരിലും പ്രകടമായത്. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി എന്ന വിവരം വന്നത് ഉച്ചയ്ക്കാണ്. അതോടെ അതുവരെയുണ്ടായ ആശങ്ക ആശ്വാസത്തിന് വഴിമാറി.

ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വേണം എന്നത് സർക്കാരിന്റെ നയമാണ്. പുതിയ കാലത്തിനനുയോജ്യമായ കോഴ്‌സുകൾ തുടങ്ങേണ്ടതുണ്ട്. ഇതുവരെ ചേർന്ന എല്ലാ പ്രഭാത യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതുമാണ്. മന്ത്രിസഭാ യോഗം എടുത്ത ഒരു സുപ്രധാന തീരുമാനം ആ വിഷയത്തിലാണ്. സ്ട്രക്ച്ചറൽ എൻജിനീയറിങ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ, എൻജിനീയറിങ് ഡിസൈൻ എന്നീ വിഷയങ്ങളിൽ മൂന്ന് കോളേജുകളിൽ എം ടെക്ക് കോഴ്‌സുകളും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ രണ്ടു കോളേജുകളിൽ ബിടെക്ക് കോഴ്‌സുകളും തുടങ്ങാനാണ് തീരുമാനം. എം ടെക്കിന് ഒരു കോഴ്‌സിന് പതിനെട്ടും ബിടെക്കിന് ഒരു കേന്ദ്രത്തിൽ അറുപതും സീറ്റുകളാണുണ്ടാവുക.

വിദ്യാഭ്യാസ രംഗത്ത് ഇതുപോലുള്ള ഒട്ടേറെ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഇനിയുള്ള രണ്ടു ദിവസങ്ങൾ കൂടി നവകേരള സദസ്സ് മലപ്പുറം ജില്ലയിലാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ഈ ജില്ലയിലെ 18 സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് അഞ്ചുകോടി രൂപ വീതം ചെലവിട്ടത്. 86 സ്‌കൂളുകൾക്ക് മൂന്നുകോടി രൂപവീതം അനുവദിച്ചതിൽ 31 സ്‌കൂളുകളിൽ നിർമാണം പൂർത്തിയാക്കി. മൂന്നെണ്ണം നിർമാണ പുരോഗതിയിലാണ്. 65 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതിൽ 33 സ്‌കൂളുകളുടെ പണി പൂർത്തിയായി. മറ്റുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 1682 സ്‌കൂളുകളിൽ ലാപ് ടോപ്പ്, പ്രൊജക്ടർ, ടി.വി, പ്രിന്റർ, കാമറ, റോബോട്ടിക് കിറ്റ് തുടങ്ങി ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തു. 55 സ്‌കൂളുകളിൽ ശിശുവിദ്യാഭ്യാസത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങുന്ന വർണക്കൂടാരമൊരുക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തവനൂർ ഗവ. കോളേജ്, കൊണ്ടോട്ടി ഗവ. കോളേജ് എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. മലപ്പുറം സർക്കാർ വനിതാ കോളജ് പ്രവർത്തനം ആരംഭിച്ചു. മങ്കട ഗവൺമെന്റ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.19 കോടി രൂപ അനുവദിച്ചു. താനൂര്‍ ഗവൺമെന്റ് കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചുച്ചിട്ടുണ്ട്. ഇതിനായി 23.5 കോടി രൂപയാണ് അനുവദിച്ചത്. ജില്ലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിനായുള്ള രണ്ടാമത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കായ തവനൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. 16 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇത് ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്.

‌വികസനക്കുതിപ്പും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കി മലപ്പുറം ജില്ല. ആസൂത്രണ മികവോടെ, ജനമനസ്സറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ മലപ്പുറം ജില്ല സാക്ഷ്യം വഹിച്ചത്. അസാധ്യമാണെന്ന് പലരും വിധിയെഴുതിയ വികസന പദ്ധതികള്‍ ഇഛാശക്തിയുടെ പാഠം അവതരിപ്പിച്ചുകൊണ്ടാണ് സർക്കാർ ഒന്നൊന്നായി നടപ്പിലാക്കിയത്. ഗെയിൽ പൈപ്പ് ലൈനും ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കലും ഇതിന്റെ തുടക്കം മാത്രമായിരുന്നു. വികസന പദ്ധതികൾക്ക് സ്ഥലം വിട്ടുകൊടുക്കുന്നത് തീരാത്ത ബാധ്യതയാണെന്ന കാഴ്ചപ്പാടിൽ നിന്ന് ജനങ്ങളാകെ മാറി. പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിച്ച ആത്മാർഥവും പ്രതിജ്ഞാബദ്ധവുമായ സമീപനമാണ് അതിന്റെ അടിസ്ഥാനം.

സ്ഥലമേറ്റെടുക്കലിന്റെ പേരിൽ വികസനം തന്നെ വഴിമുട്ടുമെന്ന അവസ്ഥയിൽ നിന്ന് കരിപ്പൂർ വിമാനത്താവളവും മുക്തമായി. ഏറ്റവും മികച്ച പാക്കേജ് നടപ്പിലാക്കിക്കൊണ്ടാണ് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇത് സാധ്യമായത്. ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കലും പരാതികൾക്കിടം നൽകാതെ പൂർത്തിയാക്കിവരുന്നു എന്നതാണ് മലപ്പുറത്തിന്റെ അനുഭവം.

ദേശീയപാത 66 ന് വേണ്ടി 24 വില്ലേജുകളിലായി 203.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും 3433.90 കോടി രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്തു. റോഡ് വികസനത്തിന് മുമ്പെങ്ങുമില്ലാത്ത വേഗതയാണ് ഇക്കാലയളവിൽ ഉണ്ടായത്. 4708.42 കോടി ചെലവിൽ നിർമിക്കുന്ന രാമനാട്ടുകര മുതൽ വാളാഞ്ചേരി വരെയുള്ള ദേശീയപാത 66 ആദ്യ റീച്ചിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 40.09% പണികൾ പൂർത്തിയായി. വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള റീച്ചിൽ 45.50% നിർമ്മാണം പൂർത്തിയായി. 2024 ജൂലൈ മാസത്തോടെ ഇരു റീച്ചുകളുടെയും പണി പൂര്‍ത്തിയാകും. ഗ്രീന്‍ഫീല്‍ഡ് ഹൈവേ (ദേശീയപാത 966) യുടെ നിര്‍മാണത്തിനായുള്ള ടെന്‍‍ഡറിങ് നടപടികള്‍ പുരോഗമിക്കുകയാണ്. 15 വില്ലേജുകളിലായി 238 ഹെക്ടര്‍ ഭൂമിയണ് ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇതിനായി 1986.64 കോടി രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിട്ടുള്ളത്. ഇവ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കാഞ്ഞിരംപാറയിൽ നിന്ന് ആരംഭിച്ച് കക്കാടംപൊയിൽ അവസാനിക്കുന്ന മലയോര ഹൈവേയുടെ നിർമ്മാണം ജില്ലയില്‍ പുരോഗമിക്കുന്നു.

സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം എന്ന ആശയം നടപ്പിൽ വരുത്തി. ഇതിന്റെ ഭാഗമായി ജില്ലയിൽ ഈ കാലയളവിൽ 21274 പട്ടയങ്ങൾ വിതരണം ചെയ്തു. ജില്ല, താലൂക്ക്, വില്ലേജ് തലങ്ങളിൽ സമിതികൾ രൂപീകരിച്ചും അദാലത്തുകൾ സംഘടിപ്പിച്ചുമാണ് കൈവശക്കാരന് അവരുടെ രേഖകൾ സമയബന്ധിതമായി കൈമാറിയത്. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2,12,791 കുടിവെള്ള കണക്‍ഷനുകളാണ് നല്‍കിയത്.

തീരദേശ ആഴക്കടൽ മത്സ്യബന്ധനത്തിനായി അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ രണ്ട് മത്സ്യബന്ധന യാനങ്ങളാണ് മേഖലയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയത്. 15 കോടി ചെലവിൽ കാലത്തിനൊത്ത രീതിയിലുള്ള താനൂര്‍ ഹാർബർ നിർമാണം പുരോഗമിക്കുകയാണ്. തീരദേശത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളാണ് സർക്കാർ മുന്നോട്ടു വെച്ചിട്ടുള്ളത്. കടലാക്രമണം നേരിടുന്ന മേഖലകളിലെ തീരദേശവാസികളെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിക്കായി താനൂരിൽ 1.92 കോടിയാണ് അനുവദിച്ചത്. പൊന്നാനിയില്‍ പുനർഗേഹം പദ്ധതിയിലൂടെ 128 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനായി. കൂടാതെ 100 വീടുകളുടെ നിർമാണവും നടക്കുന്നു.

പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ലയാണ് മലപ്പുറം. ഇവിടെ നിലവിലുള്ള നോർക്ക സെല്ലിന് പുറമേ , പ്രവാസികൾക്ക് സഹായം എത്തിക്കുന്നതിനായി തിരൂരിൽ നോർക്കയുടെ മറ്റൊരു ഓഫീസ് കൂടി ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്.വിദേശ ഭാഷ പഠനത്തിനായി സഹായിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ മറ്റൊരു സെന്റർ ഉടൻ കോഴിക്കോട് പ്രവർത്തനസജ്ജമാകും.വ്യത്യസ്ത മേഖലകളിൽ നടന്ന ഏതാനും പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജനങ്ങൾ ഇതിൽ എത്തിച്ചേരേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് കരുതുകയാണ്. .

മലപ്പുറം ജില്ലയിലെ ഓരോ കേന്ദ്രത്തിലും ഉണ്ടാകുന്ന ജനപങ്കാളിത്തം നവകേരള സദസ്സിലേക്ക് സാധാരണ ജനങ്ങൾ മറ്റെല്ലാ ഭേദചിന്തകളും മാറ്റിവെച്ച് ഒഴുകിയെത്തുന്നു എന്ന വസ്തുതയ്ക്കാണ് അടിവരയിടുന്നത്. 14775 നിവേദനങ്ങളാണ് ജില്ലയിലെ ആദ്യദിനം സ്വീകരിച്ചത്. പൊന്നാനി -4193, തവനൂർ-3674, തിരൂർ -4094, താനൂർ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ.

Tags:    
News Summary - navakerala sadas: Chief Minister Pinarayi Vijayan at Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.