മലപ്പുറം: ആറു വർഷത്തെ ഇടവേളക്കു ശേഷം ജില്ലയിലെ സ്കൂളുകളിൽ പുതിയ പാചകപ്പുര കം സ്റ്റോർ യൂനിറ്റുകൾ നിർമിക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പാചകപ്പുര പദ്ധതിക്കായുള്ള തുക നേരത്തേ സർക്കാർ പിൻവലിച്ചത് തിരികെ സ്കൂളുകൾക്ക് അനുവദിക്കാൻ ഉത്തരവായതോടെ ഇത് അലോട്ട് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഓരോ സ്കൂളിനും എത്ര രൂപയാണ് അനുവദിക്കുന്നതെന്ന് എ.ഇ.ഒമാർ പ്രധാനാധ്യാപകരെ അറിയിക്കും. ഇതനുസരിച്ച് മാർച്ച് 31ന് 45 ദിവസം മുമ്പെങ്കിലും ട്രഷറിയിൽ അഡ്വാൻസ് ബിൽ നൽകണം.
നിർമിക്കുന്നത് 268 സ്കൂളുകളിൽ; 20.45 കോടി രൂപ അനുവദിച്ചു
ജില്ലയിൽ പാചകപ്പുരകളില്ലാത്ത 268 സ്കൂളുകളിലാണ് കിച്ചൺ കം സ്റ്റോർ യൂനിറ്റുകൾ നിർമിക്കുന്നത്. ഇതിനായി 20,44,76,960 രൂപ അലോട്ട് ചെയ്തിട്ടുണ്ട്. തുക അടിയന്തരമായി സ്പെഷൽ ടി.എസ്.ബി (ട്രഷറി സേവിങ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്. മാർച്ച് 31നകം നിർമാണം പൂർത്തീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശമുണ്ട്. ജില്ലയിൽ 285 സ്കൂളുകൾക്ക് 21,72,65,696 രൂപ അനുവദിച്ചിരുന്നു. എന്നാൽ, 17 സ്കൂളുകൾ ഫണ്ട് ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 268 സ്കൂളുകളിലേക്ക് അലോട്ട് ചെയ്തിരിക്കുന്നത്.
തുക പിൻവലിച്ചപ്പോൾ നേരിട്ടത് വലിയ തടസ്സം
നേരത്തേ, സംസ്ഥാനത്തെ 2011 സ്കൂളുകൾക്ക് പാചകപ്പുര കം സ്റ്റോർ നിർമാണത്തിനായി 137.66 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, 187 സ്കൂളുകൾക്ക് മാത്രമാണ് സ്പെഷൽ ടി.എസ്.ബി അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ കഴിഞ്ഞത്. തുടർന്ന് തുക ലാപ്സാകാതിരിക്കാൻ ചെലവഴിക്കാനാവാതിരുന്ന 124.71 കോടി രൂപ സർക്കാർ ഇലക്ട്രോണിക് അക്കൗണ്ട് ലഡ്ജറിലേക്ക് മാറ്റി. സർക്കാർ തുക പിൻവലിച്ചതോടെ പദ്ധതിയുടെ ഭാഗമായി നിർമാണം ആരംഭിച്ച സ്കൂളുകളിലെ പ്രവൃത്തികൾക്ക് തടസ്സം നേരിട്ടിരുന്നു. ഈ തുകയാണ് സ്കൂളുകൾക്ക് തിരികെ റീ അലോട്ട് ചെയ്യുന്നത്.
ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിർമാണം തുടങ്ങിയവരും
കഴിഞ്ഞ വർഷം പാചകപ്പുര കം സ്റ്റോർ യൂനിറ്റുകൾ നിർമിക്കുന്നതിന് സർക്കാർ തുക അനുവദിച്ചെന്ന് അറിഞ്ഞതോടെ പ്ലാൻ പാസാക്കി പ്രവൃത്തികൾ ആരംഭിച്ച സ്കൂളുകളുണ്ട്. വാർഡ് അംഗം, പി.ടി.എ ചെയർമാൻ, സ്കൂൾ പ്രഥമാധ്യാപകൻ, സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയിലെ രണ്ട് അധ്യാപകർ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ മരാമത്ത് എൻജിനീയർ തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റികൾ രൂപവത്കരിച്ച് തദ്ദേശസ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് പാചകപ്പുര കം സ്റ്റോർ നിർമിക്കേണ്ടത്. കുട്ടികളുടെ എണ്ണം അനുസരിച്ചാണ് ഇതിന്റെ പ്ലിന്ത് ഏരിയ കണക്കാക്കുക. അതുപ്രകാരമുള്ള തുക ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.