നിലമ്പൂര്‍: ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ചാലിയാര്‍ റിവര്‍ പാഡിലിന് വെള്ളിയാഴ്ച നിലമ്പൂരിൽ തുടക്കം കുറിക്കും. ഒമ്പതാമത് ചാലിയാര്‍ റിവര്‍ പാഡിലിനാണ് മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തുള്ള കളത്തുംകടവില്‍ തുടക്കമിടുന്നത്. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന കയാക്കിങ് ബോധവത്കരണ യാത്ര ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ സമാപിക്കും.
വിവിധതരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ് പാഡിലിലും പായ്വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്റാറന്റ്, ഗ്രീന്‍ വേംസ്, കയാക്കേഷ്യ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. റഷ്യ, ആസ്ട്രേലിയ, സിംഗപ്പൂര്‍, ജർമനി, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുൾപ്പെടെ നൂറോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എട്ടുമുതല്‍ അറുപത് വയസ്സുവരെയുള്ളവര്‍ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. ലോക കയാക്കിങ് താരങ്ങളോടൊപ്പം തുടക്കക്കാര്‍ക്കും തുഴയെറിയാം എന്നതാണ് സവിശേഷത. ചാലിയാറില്‍ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക, നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക, പുഴയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. മൂന്ന് ദിവസം നീളുന്ന യാത്രയിൽ ചാലിയാറിൽനിന്ന് മാലിന്യം ശേഖരിക്കും.
ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. പി.വി. അന്‍വര്‍ എം.എല്‍.എ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.