നിലമ്പൂർ: സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ സജീവമെന്ന് എക്സൈസ്. ശനിയാഴ്ച ചേർന്ന നിലമ്പൂർ താലൂക്ക് സഭയുടെ പ്രതിമാസ യോഗത്തിലാണ് എക്സൈസിന്റെ മുന്നറിയിപ്പ്. പൊലീസും എക്സൈസും സംയുക്തമായി സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കി. എന്നാലും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജാഗ്രത ഈ കാര്യത്തിൽ ഉണ്ടാവണം. മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉൾപ്പെടെ സ്കൂൾ പരിസരങ്ങളിൽ വിൽപനയുണ്ട്. കഴിഞ്ഞ മാസം മാത്രം 113 ഗ്രാം എം.ഡി.എം.എ ആണ് നിലമ്പൂരിൽ പിടികൂടിയത്.
സ്കൂളുകളിൽ നിരന്തര ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗൺസലിങ് ഉൾപ്പെടെ നൽകാൻ നടപടി ഉണ്ടാവും.
കാലവർഷക്കെടുതി നേരിടാൻ എല്ലാ വകുപ്പുകളുടെയും പിന്തുണ ഉണ്ടാവണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തോടുകൾ ഉൾപ്പെടെ നവീകരിച്ച് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
നിലമ്പൂർ നഗരസഭാംഗം ഇസ്മായിൽ എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു, ഭൂരേഖ വിഭാഗം തഹസിൽദാർ ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ കെ.പി. അരവിന്ദാക്ഷൻ, എക്സൈസ് ഓഫിസർ ആർ.പി. സുരേഷ്, രാജ്മോഹൻ അമരമ്പലം, ബിനോയ് പാട്ടത്തിൽ, ഡോ. ഷിനാസ് ബാബു, കെ.വി. തോമസ്, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.