നിലമ്പൂർ: നിലമ്പൂർ വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കണമെന്ന് ഹൈകോടതി. പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് നാലുവര്‍ഷമായി ഉള്‍വനത്തില്‍ കഴിയുന്ന 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര, കേരള സര്‍ക്കാറുകൾ, വനംവകുപ്പ്, ജില്ല കലക്ടര്‍, പഞ്ചായത്ത് അടക്കം 16 എതിര്‍കക്ഷികളും എട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം നല്കി. എട്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
പ്രളയത്തില്‍ തകര്‍ന്ന പാലവും വീടുകളും പുനര്‍നിര്‍മിക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിചെയ്യാന്‍ മതിയായ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ നിലമ്പൂര്‍ നഗരസഭ ചെയര്‍മാനുമായ ആര്യാടന് ഷൗക്കത്ത്, മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
2019ലെ പ്രളയത്തിലാണ് ഇരുട്ടുകുത്തി കടവില്‍ പാലം ഒലിച്ചുപോയി മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാര്‍ ഒറ്റപ്പെട്ടത്. പ്രളയത്തിന് മുമ്പുവരെ വൈദ്യുതി കണക്ഷനുള്ള കോണ്‍ക്രീറ്റ് വീടുകളിലായിരുന്നു ഇവര്‍ കഴിഞ്ഞത്.
ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡുകളിലാണ് താമസിക്കുന്നത്. ആന ശല്യം കാരണം രാത്രി കാലങ്ങളില്‍ മരത്തിനുമുകളിലെ ഏറുമാടങ്ങളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കഴിയുന്നത്.
പാലം തകര്‍ന്നതോടെ ചാലിയാര്‍ പുഴ കടക്കാന്‍ മുളകൊണ്ടുള്ള ചങ്ങാടം മാത്രമാണ് ഇവര്‍ക്കാശ്രയം. മഴ കനത്തതോടെ ചങ്ങാടം ഇറക്കാനാവാത്ത സ്ഥിതിയാണ്. കോളനികളിലെ കുട്ടികള്‍ക്ക് സ്കൂളില്‍ പോവാന്‍ കഴിയാത്ത സ്ഥിതിയാണ്.
സമാന അവസ്ഥയാണ് വഴിക്കടവ് ഉള്‍വനത്തിലെ പുഞ്ചകൊല്ലി, അളക്കല്‍ കോളനിവാസികള്ക്കുമുള്ളത്. 2018ലെ പ്രളയത്തില്‍ പുന്നപ്പുഴക്ക് കുറുകെയുള്ള ഇരുമ്പുപാലവും വീടുകളും തകര്‍ന്നതോടെയാണ് ഇരുകോളനിക്കാരും ഒറ്റപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.